ഒരു നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമിക്കുകയാണു ഗുരുദേവന്‍. ഒരു ഭക്തന്‍ അടുത്തെത്തി ചെറിയതോതില്‍ സംസാരം തുടങ്ങി. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് സൂത്രത്തില്‍ ഗുരുവിന്‍റെ അഭിപ്രായം അറിയുകയാണു ഭക്തന്‍റെ ഉദ്ദേശ്യം. പരിണാമസിദ്ധാന്തവും പ്രപഞ്ചോത്പത്തി സിദ്ധാന്തവും ഗുരുദേവന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് ഭക്തന്‍ ചോദിച്ചു. ഡാര്‍വിനെ ഉദ്ദേശിച്ച് ഗുരുദേവന്‍ ചോദിച്ചു. "ജീവികളുടെ ഉത്ഭവത്തെക്കുറിച്ച് സായ്പ് എന്താണു പറഞ്ഞിരിക്കുന്നത്?"
"മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്നാണു ഡാര്‍വിന്‍റെ അഭിപ്രായം.“
"ഓഹോ..... സായ്പ് കണ്ടോ കുരങ്ങില്‍ നിന്ന് മനുഷ്യന്‍ ഉണ്ടാകുന്നത്?" എന്നു സ്വതസിദ്ധമായ മറുചോദ്യം ഉന്നയിച്ചതോടെ ചോദ്യകര്‍ത്താവ് മിണ്ടിയില്ല. പിന്നെ ഗുരുവും ഒന്നും പറഞ്ഞില്ല. പരിണാമസിദ്ധാന്തത്തെ ഗുരു അനുകൂലിക്കുന്നില്ലെന്നു വ്യക്തമായെങ്കിലും ജീവന്‍റെ ഉത്പത്തിയെക്കുറിച്ചും പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും ഗുരു എന്തു പറയുന്നു എന്നറിയാന്‍ അക്കാലത്ത് മിക്കവരിലും ആകാംക്ഷയുണ്ടായിരിന്നു. ഗുരു ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ആരോടെങ്കിലും സംസാരിച്ചതായി രേഖകള്‍ കാണുന്നില്ല. ആത്മാനന്ദസ്വാമി എന്ന പേരില്‍ ഗുരുവിന്‍റെ ശിഷ്യനായി മാറിയ രാമപ്പണിക്കര്‍ ഗുരുവിനെ ആദ്യം കണ്ടമാത്രയില്‍ തന്നെ എന്താണു ബ്രഹ്മസൂത്രത്തിന്‍റെ പൊരുള്‍ എന്നു ചോദിച്ചു. "ഇതൊക്കെ അത്ര എളുപ്പം പറയാനൊക്കുമോ?“ എന്നമറുചോദ്യമായിരുന്നു അവിടെയും ഉത്തരം. ഈ ചോദ്യത്തിനു ഉത്തരം വേണമെങ്കില്‍ ചോദ്യകര്‍ത്താവ് ഒന്നു പരുവപ്പെടനം എന്നേ ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഗുരു ഉദ്ദേശിച്ചുള്ളു.
പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വേദം പറയുന്ന വിശദീകരണത്തിലാണു ഗുരുദര്‍ശനവും നില്ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഋഗ്വേദത്തില്‍ പത്താം മണ്ഡലത്തില്‍ 190-)0 സൂക്തത്തിലെ മൂന്നു മന്ത്രങ്ങളില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നു.
"ഋതം ച സത്യം ചാഭീദ്ധാതപസോധ്യജായത...."
എന്നു തുടങ്ങുന്ന മന്ത്രങ്ങളില്‍ ജഗത്നിയന്താവായ ഈശ്വരന്‍ തപസ്സില്‍നിന്നുണര്‍ന്ന് അന്ധകാരത്തില്‍നിന്നു പഴയപടി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നാണു പറയുന്നത്. അതായത് ഈശ്വരന്‍ തപസ്സില്‍നിന്ന് ഉണരും മുമ്പേ ഈ പ്രപഞ്ചം ഇവിടെ ഉണ്ടായിരുന്നു. തപസ്സില്‍ അലിഞ്ഞപ്പോള്‍ അന്ധകാരമയമായി. വീണ്ടും ഉണര്‍ന്ന് പഴയതുപോലെ ഇവയൊക്കെ സൃഷ്ടിച്ചു എന്നാണു വിവക്ഷ.
ഗുരുദേവന്‍ തന്‍റെ പ്രസിദ്ധകൃതിയായ ബ്രഹ്മവിദ്യാപഞ്ചകത്തില്‍ പ്രപഞ്ച ഉത്പത്തിയെക്കുറിച്ച് ശിഷ്യനു സംശയദൂരീകരണം നടത്തുന്ന മട്ടില്‍ വിവരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ കഥകളിലെ ഭക്തര്‍ സൂത്രത്തില്‍ വന്ന് ഗുരുവിന്‍റെ അഭിപ്രായമറിയാന്‍ ശ്രമിച്ചതുപോലെ സമ്പാദിക്കേണ്ട അറിവല്ല സൃഷ്ടിരഹസ്യം എന്ന് വ്യക്തമാക്കിക്കൊണ്ട് ബ്രഹ്മവിദ്യാപഞ്ചകത്തിന്‍റെ ഒന്നാം പദ്യത്തില്‍ എങ്ങനെയാണു ബ്രഹ്മവിദ്യ നേടാന്‍ ശ്രമിക്കേണ്ടത് എന്ന് ഗുരു പറയുന്നു. "ഇന്ദ്രിയങ്ങള്‍ കാട്ടിത്തരുന്നതെല്ലാം അസത്യമെന്നറിഞ്ഞ് വിരക്തി നേടണം. ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിങ്ങനെ ആറു സാധനകള്‍ നല്ലതുപോലെ അഭ്യസിക്കണം. എന്നിട്ട് ബ്രഹ്മസ്വരൂപം സാക്ഷാത്കരിച്ചനുഭവിക്കുന്ന സ്ഥിതിപ്രജ്ഞനായ ഗുരുവിനെ സമീപിക്കണം. അദ്ദേഹത്തെ പ്രണമിച്ച് പ്രസന്നനാക്കിയശേഷം, ഞാനാര്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി എന്നീ രണ്ട്ചോദ്യങ്ങള്‍ ചോദിച്ചിട്ട് "പ്രഭോ ഈ സംശയങ്ങള്‍ തീര്‍ത്തുതന്നാലും" എന്നപേക്ഷിക്കണം.
"ത്വം ഹി ബ്രഹ്മ നചേന്ദ്രിയാണി ന്‍ മനോ
ബുദ്ധിര്‍ന്ന ചിത്തം വപുഃ"
എന്നു തുടങ്ങുന്ന രണ്ടാം പദ്യത്തില്‍ ഗുരു ശിഷ്യനുവേണ്ടി ബ്രഹ്മവിദ്യ ഉപദേശിച്ചു തുടങ്ങുന്നു. നീ ബ്രഹ്മമാണ്. നീ ഇക്കാണുന്ന ഇന്ദ്രിയങ്ങളല്ല. ഈ മനസ്സും ബുദ്ധിയുമല്ല. ചിത്തവും ശരീരവുമല്ല. ഇവയെ കൂടാതെ പ്രാണന്‍, അഹങ്കാരം എന്നിവയുണ്ടല്ലോ. അതൊക്കെ നിന്‍റെ സ്വരൂപമായ ആത്മാവില്‍ അവിദ്യകല്പിതങ്ങളായ കാഴ്ചകള്‍ മാത്രമാണ്. ഒരു മണ്‍പാത്രത്തില്‍ മണ്ണു എങ്ങനെയോ അതുപോലെ സകല ചരാചരങ്ങളിലും അകവും പുറവും യാതൊന്നു വ്യാപിച്ചിരിക്കുന്നുവോ അതാണു സത്യം എന്ന് മൂന്നാം പദ്യത്തില്‍ വ്യക്തമാക്കുന്നു. ജഗത്തിന്‍റെ പരമകാരണം ബോധവസ്തുവായ ബ്രഹ്മമാണെന്ന് ഗുരു പറയുന്നു. അതില്‍ പൊന്തി മറയുന്ന നാമരൂപങ്ങളാണു ഈ പ്രപഞ്ചവസ്തുക്കളും ദൃശ്യങ്ങളും. ബ്രഹ്മശക്തിയാണു ഈ ജഗത്തിനെ കര്‍മ്മാനുസരണം സൃഷ്ടിക്കുന്നത്. "സര്‍വ്വം ഖലിത്വം ബ്രഹ്മ" എന്ന ഉപനിഷത്ത് വാക്യത്തിലേക്കാണു പിന്നീടുള്ള പദ്യങ്ങള്‍ എത്തുന്നത്. ബ്രഹ്മസാക്ഷാത്കാരം നേടുന്നയാള്‍ക്കേ ഈ പ്രപഞ്ചത്തിന്‍റെ ഉല്പത്തിരഹസ്യവും ജീവികളുടെ ഉത്ഭവരഹസ്യവും അനുഭവിച്ചറിയാന്‍ സാധിക്കൂ എന്ന് സാരം.
മനുഷ്യന്‍ ഇന്ന് പ്രപഞ്ചരഹസ്യം അന്വേഷിക്കുന്നത് ബാഹ്യമായ അലച്ചിലിലൂടെയാണ്. അങ്ങനെ അലയുമ്പോള്‍ കിട്ടുന്ന ഉത്തരം മായാപ്രപഞ്ചത്തിലെ ഈശ്വര ലീലയാകാനേ തരമുള്ളു. അതൊകൊണ്ടാണു കണികാ സിദ്ധാന്തവും തരംഗസിദ്ധാന്തവും ഒടുവില്‍ ക്വാണ്ടം സിദ്ധാന്തവും നിലനില്‍പ്പില്ലാതെ ത്രിശങ്കുവിലാകുന്നത്. ഒടുവില്‍ ശാസ്ത്രം സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ സ്ട്രിംഗ് തിയറിയെ ഉറ്റുനോക്കുകയാണു സത്യമറിയാന്‍. അതൊന്നും ശാശ്വതമാവില്ല എന്ന് കണ്ടറിയാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തെന്നു വരും. എന്തിനാണു സൃഷ്ടിരഹസ്യം അറിയുന്നത് എന്നു ചോദിച്ചാല്‍ മനുഷ്യന്‍റെ ഭൌതിക സൌകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും സ്വന്തമായി ജീവനെ ഉണ്ടാക്കി ഈശ്വരനൊപ്പം എത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണു എന്നാണു ശാസ്ത്രലോകത്തിന്‍റെ ഉത്തരം. പ്രപഞ്ചശക്തിയോടുള്ള വിധേയത്വമാണു ആദ്യം വേണ്ടത്. അതുതന്നെയാണു ഗുരുവിനെ വണങ്ങി അറിവിനായി അപേക്ഷിക്കണം എന്ന് ആദ്യപദ്യത്തില്‍ ഗുരു പറയുന്നതിന്‍റെ പൊരുള്‍. അല്ലാതെ അന്വേഷണങ്ങള്‍ മരുഭൂമിയിലെ മാന്‍പേട കാനല്‍ ജലം തേടി അലയുന്നതുപോലെയുള്ള വിഫലപ്രയത്നങ്ങളായി മാറും. "മനുഷ്യാ നീ ഈശ്വരനാണ്, നീ അത് സ്വയം തിരിച്ചറിഞ്ഞ് ഈശ്വരത്വം സാക്ഷാത്കരിക്കൂ" എന്നാണു ബ്രഹ്മവിദ്യാപഞ്ചകത്തിലൂടെ ഗുരു ആഹ്വാനം ചെയ്യുന്നത്. മൃതപ്രായരായിക്കിടന്ന മനുഷ്യക്കോലങ്ങളെ ആദ്യം മനുഷ്യരാക്കി അവിടെനിന്ന് ഈശ്വരത്വത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ഗുരുദേവന്‍ എന്ന് ഇവിടെ നമ്മള്‍ തിരിച്ചറിയുന്നു. അറിവുതേടുന്ന സത്യമാര്‍ഗ്ഗികള്‍ക്ക് ഇപ്പോഴും ഗുരു പ്രത്യക്ഷസാന്നിദ്ധ്യമാണ്. അല്ലാത്തവര്‍ക്ക് ഗുരു ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ സമാധിയായ ഒരു സന്യാസിയും.