Saturday, 21 September 2013

Sreevasudevashatakam


ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്‍ഗകമനീയനിജാങ്ഗസങ്ഗ
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.

നീലാളികേശപരിഭുഷിതബര്‍ഹിബര്‍ഹ,
കാള‍ാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

ആനന്ദരൂപ, ജനകാനകപൂര്‍വവദുന്ദു-
ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ,
മാനാപമാനസമമാന സരാജഹംസ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്‍മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

കംസാസുരദ്വിരദകേസരിവീര, ഘോര
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

സംസാരസങ്കടവിശങ്കടകങ്കടായ
സര്‍വാര്‍ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്‍തു
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ

ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തിന്ദിവം ഭഗവതേ നതിരസ്മദീയാ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

Mahasamadhi

ഗുരുദേവന്റെ രോഗാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. മഹാസമാധിയെ മുന്നില്‍കണ്ടുകൊണ്ട്‌ അത്യന്തം ബ്രഹ്മാനന്ദ തുന്ദിലനായാണ്‌ ഗുരു കാണപ്പെട്ടത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനസഞ്ചയം ശിവഗിരിയിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടേയും ശിഷ്യഗണങ്ങളുടേയും കര്‍ശനമായ നിയന്ത്രണത്തില്‍ ഭക്തജനത്തിന്‌ തെല്ലകലെനിന്നുമാത്രമേ സ്വാമികളെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഗുരുദേവന്‌ സൗഖ്യമുണ്ടാകണം എന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും മറ്റ്‌ ഗുരുമന്ദിരങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച്‌ തിരശ്ശീലയ്‌ക്കുള്ളിലേയ്‌ക്ക്‌ മടങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഒരിക്കല്‍ അവിടുന്ന്‌ അരുളിച്ചേയ്‌തു." മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്‌. ഇന്നപ്പോള്‍ മരിക്കുമെന്ന്‌ മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനുമുമ്പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട്‌ മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ്‌ നല്ലത്‌." 

ഗുരുദേവന്‍ ആഹാരത്തിന്റെ മാത്ര കുറച്ചു. പോഷകാംശമുള്ള ആഹാരങ്ങള്‍ ഉപേക്ഷിച്ചു. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്ന്‌ കല്‌പിച്ചു. ഈ അവസരത്തില്‍ മുഖത്ത്‌ സാധാരണയില്‍ കവിഞ്ഞ രോമം വളര്‍ന്നതിനാല്‍ ഷേവുചെയ്യാന്‍ അവിടുന്ന്‌ ആവശ്യപ്പെട്ടു. കൊല്ലത്തുനിന്നും ഉടനെ നല്ലൊരു കത്തിവാങ്ങി ക്ഷുരകനെക്കൊണ്ട്‌ അതു നിര്‍വഹിപ്പിച്ചു. ആ കത്തി അവനുതന്നെ കൊടുക്കാന്‍ ഗുരു കല്‌പിക്കുകയും ചെയ്‌തു. കത്തി സൂക്ഷിച്ചാല്‍ ഇനിയും ഉപയോഗിക്കാം എന്ന്‌ ആരോ പറഞ്ഞപ്പോള്‍ " ഇനി അതിന്റെ ആവശ്യമില്ല. അത്‌ അവനുതന്നെകൊടുത്തേയ്‌ക്കുക" എന്ന്‌ ഗുരു കല്‌പിച്ചു.

ദിവസങ്ങള്‍ കഴിയുന്തോറും ഗുരുസ്വാമി കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടു. ഒരുസമയം അവിടുന്ന്‌ മൊഴിഞ്ഞു. " നാമിവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്‌. പ്രതിബന്ധങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളൂം. നമുക്ക്‌ നല്ല തൃപ്‌തി തൊന്നുന്നു. വ്യാഴഹോരയ്‌ക്ക്‌ പുറപ്പെടാന്‍ പറ്റിയ സമയമാണ്‌. മരണത്തില്‍ ആരും ദുഃഖിക്കരുത്‌. കന്നി അഞ്ച്‌ നല്ല ദിവസമാണ്‌. അന്ന്‌ എല്ലാവര്‍ക്കും ആഹാരം കൊടുക്കണം. " എന്ന്‌ അരുളിച്ചെയ്‌തു. (ഗുരുവിന്റെ മഹാസമാധിക്കുശേഷം അന്നുമുതല്‍ ഇന്നും മഹാസമാധിപ്രസാദവിതരണം തുടരുന്നുണ്ട്‌.)

അങ്ങനെ കന്നി 5 വന്നെത്തി. മഹാസമാധിദിനം അവിടുന്ന്‌ കൃത്യമായി പറഞ്ഞില്ല എങ്കിലും ഒരു സൂചന നേരത്തെ നല്‍കിയിരുന്നു. ആകാശത്ത്‌ മേഘങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. അന്ന്‌ ഒരു ചാറ്റല്‍മഴയുള്ള ദിവസമായിരുന്നു. ഉച്ചയായപ്പോഴേയ്‌ക്കും മാനം നല്ലവണ്ണം തെളിഞ്ഞുനിന്നു. തൃപ്പാദങ്ങള്‍ കല്‌പിച്ചപോലെ അന്ന്‌ ഏവര്‍ക്കും ഭക്ഷണം നല്‍കി. സമയം മുന്നേകാല്‍ മണിയോടടുത്തു. ആ സമയം മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ യോഗാവാസിഷ്‌ഠം ജീവന്മുക്തി പ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. " നമുക്ക്‌ നല്ല ശാന്തി അനുഭവപ്പെടുന്നു" എന്ന്‌ ഗുരുദേവന്‍ മൊഴിഞ്ഞു. കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ അവിടുന്ന്‌ ആഗ്യം കാണിച്ചു. ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ മെല്ലെ താങ്ങിപ്പിടിച്ച്‌ എഴുന്നേല്‌പിച്ചു. ശരീരം പദ്‌മാസനത്തില്‍ ബന്ധിച്ചിരുത്തി.

കിടക്കയില്‍ പദ്‌മാസനത്തില്‍ ഇരിക്കുന്ന ഗുരുവിന്റെ മഹാസന്നിധിയില്‍ ഉണ്ടായിരുന്ന ശിഷ്യഗണങ്ങള്‍ ഉപനിഷത്‌ സാരസര്‍വ്വസ്വമായ ദൈവദശകം ആലാപനം ചെയ്‌തുതുടങ്ങി. ഗുരുകല്‌പനപ്രകാരം പലപ്പോഴം വിശ്രമവേളകളില്‍ ഭക്തന്മാര്‍ ആ പ്രാര്‍ത്ഥന ചൊല്ലാറുണ്ടായിരുന്നു.

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ 72 വര്‍ഷക്കാലം ലോകജനതയെ മുഴുവന്‍ കാരുണ്യവര്‍ഷം തൂകി അനുഗ്രഹിച്ചുകൊണ്ടിരുന്ന ഭഗവാന്‍ ശ്രീനാരായണഗുരുദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി.

1928 സെപ്‌തംബര്‍ 20ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 3.30ന്‌ ഗുരുദേവന്‍ മഹാസമാധിഅടഞ്ഞ വിവരം കാട്ടുതീപോലെ പരന്നതോടെ ജനങ്ങള്‍ ശിവഗിരിയിലേയ്‌ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യശാന്തിക്കായി പ്രത്യേക പൂജകള്‍ നടന്നു. അന്നേ ദിവസം സന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാര്‍ത്ഥനയും ആരാധനയും നടത്തി. പിറ്റേദിവസം കാലത്ത്‌ വൈദികമഠത്തില്‍വച്ച്‌ ഫോട്ടോ എടുത്തു. ഒരുമണിക്ക്‌ അഭിഷേകം നടത്തി. പുഷ്‌പങ്ങള്‍കൊണ്ട്‌ അലങ്കരിച്ച മഞ്ചത്തില്‍ ഇരുത്തി എഴുന്നെള്ളിച്ച്‌ വനജാക്ഷിമണ്ഡപത്തില്‍ ഇരുത്തി. അഞ്ചുമണിക്ക്‌ ശിവഗിരിക്കുന്നിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്‌ സമാധിവിധിപ്രകാരമുളള കര്‍മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്‌ച ബ്രാഹ്മമുഹൂര്‍ത്തത്തില്‍ മൂടിക്കല്ല്‌ സ്ഥാപിച്ചു.

Thursday, 12 September 2013

Guru Gita Malayalam

ഗുരുഗീത അര്‍ത്ഥസഹിതം Guru Gita Malayalam
ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് -
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ“പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.
ഡൗണ്‍ലോഡ് ഗുരുഗീതാ ഇ-ബുക്ക്
ചാതുര്‍വര്‍ണ്യവും അവര്‍ണരും - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
Posted: 12 Sep 2013 01:26 AM PDT
മുറജപം നടക്കുന്നിടത്തും ശതകോടി അര്‍ച്ചന നടക്കുന്നിടത്തും മുന്നില്‍ നിന്ന്‌ തൊഴുന്നത്‌ അവര്‍ണരാണ്‌. സവര്‍ണാധിപത്യത്തെ അനുകൂലി ക്കുന്ന സംഘപരിവാറിനെ അധികാരത്തി ലെത്തിക്കു ന്നത്‌ അവര്‍ക്ക്‌ വോട്ടു ചെയ്യുന്ന അവര്‍ണ രാണ്‌. ജനാധിപത്യത്തിന്റെ ഔദാര്യങ്ങള്‍ ഉപയോഗി ച്ച്‌ സവര്‍ണാധിപത്യം പുനസ്ഥാപിക്കാ നുള്ള ശ്രമമാണ്‌ ഇന്നു നടക്കുന്നത്‌. ന്യൂനപക്ഷ ത്തിന്റെ അവകാശ ങ്ങള്‍ സംരക്ഷിക്കാമെന്ന ഭരണഘടനയിലെ അന്തസത്ത ഭരിക്കുന്നവര്‍ തന്നെ ലംഘിച്ചുകഴി ഞ്ഞു.

എല്ലാരീതിയിലും മനുഷ്യനെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസഥിതിയോടായിരുന്നു സി വി പോരാടിയത്‌. ജാതിക്കെതി രായ സമരമുഖത്ത്‌ ശക്തമായി നിലകൊള്ളുകയും പ്രചരണത്തി ലേര്‍പ്പെടുകയും ചെയ്‌തു. ഗുജറാത്തില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയെ കീറിയെടുത്ത്‌ തീയിലെറിഞ്ഞത്‌ ക്രൂരതയാണ്‌. അതിലും ക്രൂരതയായിരുന്നു ഗര്‍ഭത്തിലുള്ള കുട്ടി ചണ്ഡാളനെന്നു വിധിക്കുക യും വിദ്യയും മനുഷ്യാവകാശവും അവന്‌ നിഷേധിക്കു കയും ചെയ്‌തത്‌. ആ വ്യവസ്ഥയോടാണ്‌ ശ്രീബുദ്ധന്‍ മുതല്‍ സി വി കുഞ്ഞുരാമന്‍ വരെയുള്ള മനുഷ്യസ്‌നേഹികള്‍ ഏറ്റു മുട്ടിയത്‌.

'ഞാന്‍ നമ്പൂതിരിയായല്‍' എന്ന സി വിയുടെ രചനയുടെ ശക്തി ഇപ്പോഴും ശ്രദ്ധേയമാകുന്നു. ഞങ്ങളുടെ നാട്ടില്‍ ഈഴവര്‍ക്കും അരയന്മാര്‍ക്കും അമ്പലങ്ങളുണ്ടായിരുന്നു. ഈഴവനും അരയനും തന്നെയായിരുന്നു പൂജാരിമാര്‍. എന്നാല്‍ ഇവര്‍ക്ക്‌ കാശുണ്ടായ പ്പോള്‍ നമ്പൂതിരിമാരെ പൂജാരിമാരാക്കുകയാണ്‌ ചെയ്‌തത്‌. ശതകോടി. മുറജപം, യജ്ഞം എന്നിവ നടത്തിയാലെന്താണെന്നാണ്‌ ചോദിക്കുന്നത്‌. എന്നാല്‍ ഇതിനെല്ലാം നായകത്വം വഹിക്കുന്ന ബ്രാഹ്മണന്റെ മേധാവിത്വമാണ്‌ അംഗീകരിച്ചുകൊടുക്കുന്നതെന്ന്‌ അവര്‍ അറിയുന്നില്ല.

യജ്ഞം നടത്തുന്നത്‌ ലോകത്തിന്‌ മംഗളകരമാണെന്ന്‌ അക്കിത്തം പറയുന്നു. ബലി നടത്തിയാല്‍ നടത്തുന്നവനും കൊല്ലപ്പെടുന്നവനും സ്വര്‍ഗത്തില്‍ പോകുമെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങിനെയാണെ ങ്കില്‍ സ്വന്തം മകനെ ബലി കൊടുത്ത്‌ അക്കിത്തത്തിന്‌ സ്വര്‍ഗത്തില്‍ പ്പോയിക്കൂടെ?

ഇന്ത്യയിലെ ഹിന്ദുമതത്തെ ഭൂരിപക്ഷമാക്കുന്നത്‌ അവര്‍ണരാണ്‌. ഇന്ത്യയിലെ അവര്‍ണര്‍ ഹിന്ദുമതത്തെ ഉപേക്ഷിക്കുകയാണെങ്കില്‍ ഹിന്ദുമതം ബഹാമിയന്‍ മതം പോലെയാകും. ഈ സാഹചര്യ ത്തില്‍ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരേ ഹിന്ദുമതത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുവേണ്ടി വാദിച്ച സി വി യുടെ സ്‌മരണ പോലും പ്രസക്തമാകുകയാണ്‌.


(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സി വി കുഞ്ഞുരാമന്‍ ജീവിതം കാലം നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനമാണിത്)


@ക്ഷേത്രപ്രവേശനവും മറ്റു സമുദായക്കാരും - സി. വി. കുഞ്ഞുരാമന്‍

Tuesday, 3 September 2013

ഗുരുവിനെ മാ​റ്റാമോ? .............................................

മതവും രാഷ്ട്രീയവും മാറാം, ഗുരുവിനെ മാ​റ്റാമോ?


കുറിച്ചി അദ്വൈതവിദ്യാശ്രമത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോൾ പടിഞ്ഞാറുനിന്ന് ഒരിളംകാ​റ്റ് വന്ന് വാരിപ്പുണർന്നുകൊണ്ട് സ്വാഗതമോതുന്നു. ആ കാ​റ്റിൽ അലിഞ്ഞവിശുദ്ധിയുടെ വിയർപ്പുഗന്ധത്തിൽനിന്ന് സൂക്ഷ്മദേഹിയായ ആതിഥേയനെ തിരിച്ചറിഞ്ഞു; ഗുരുസ്വാമിതൃപ്പാദങ്ങളുടെ വത്‌സലശിഷ്യൻ സ്വാമി ശ്രീനാരായണ തീർത്ഥർ! 'പലമതസാരവും ഏകം' എന്ന ഗുരുവചനത്തെ പ്രതിഷ്ഠിച്ച തീർത്ഥർ സ്വാമിയുടെ ഏകദൈവക്ഷേത്രത്തിൽ അപ്പോൾ ദീപാരാധനയ്ക്ക് മണിമുഴങ്ങി, 'വരൂ തൊഴുതിട്ടാവാം ബാക്കി' എന്ന് സ്വാമി മൊഴിയുംപോലെ.

ഓംകാരം, വിശുദ്ധ കുരിശ്, ചന്ദ്രക്കല എന്നിവ ആലേഖനംചെയ്ത കണ്ണാടിപ്രതിഷ്ഠയിൽ വൈദികൻ ആരതി ഉഴിയുന്നു. അപ്പോൾ മനസ് ആ കണ്ണാടിയിൽ പ്രതിഫലിച്ച ഭൂതകാലത്തിലേക്ക് ഊളിയിടുകയായിരുന്നു. വേദാന്തവും തത്വശാസ്ത്രവും പഠിപ്പിച്ച് ഗുരുദേവൻ കോട്ടയത്തേക്ക് അയച്ച സ്വാമി ശ്രീനാരായണ തീർത്ഥർക്ക് പാമ്പാടിക്ഷേത്രത്തിൽ ആരതി ഉഴിയുന്നതിനെക്കാൾ പ്രിയം നാടിന്റെ ഹൃത്തടംതേടി ഉഴലുന്നതിലായിരുന്നു. കോട്ടയം ജില്ലയിലും പരിസരജില്ലകളിലും നഗ്നപാദനായി നടന്ന് ജനജീവിതത്തെ അറിയാനും അവരെ ഗുരുവിന്റെ ധർമ്മംപഠിപ്പിച്ച് നേരാംവഴികാട്ടാനുമായി ഒരുപാട് വിയർപ്പൊഴുക്കി ആ ഗുരുശിഷ്യൻ. ഇന്ന് കുറിച്ചിയിൽ തലയുയർത്തിനില്ക്കുന്ന ഹയർസെക്കൻഡറി സ്‌കൂളും വലിയ ആശ്രമവളപ്പുമെല്ലാം ആ വിയർപ്പിന്റെ വീര്യംനുണഞ്ഞ് വളർന്നുപന്തലിച്ചതാണ്.
പൊതുനിരത്തുകളിൽ നിന്ന് ആട്ടിയക​റ്റപ്പെട്ട മണ്ണിന്റെ മക്കൾ അപമാനം സഹിക്കവയ്യാതെ ക്രിസ്തുമതം സ്വീകരിക്കുന്ന കാലമായിരുന്നു അത്. കോട്ടയം, കുറിച്ചി മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ ജീവിതസൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ദളിതരെ വ്യാപകമായി മതംമാ​റ്റിക്കൊണ്ടിരുന്നു. കൊന്തയിട്ടാൽ അടിസ്ഥാന അവകാശങ്ങൾ പലതും ലഭിക്കുമെന്ന് ദളിതർ കിനാവുകണ്ടു. പൊതുവഴിയിൽ നടക്കാം, കുട്ടികളെ മിഷണറി സ്‌കൂളിൽവിട്ട് പഠിപ്പിക്കാം എന്നിങ്ങനെ സ്വർഗരാജ്യം സ്വപ്നംകണ്ട് മതംമാറിയവർ പക്ഷേ, വഞ്ചിക്കപ്പെടുന്ന കാഴ്ചയായിരുന്നു തീർത്ഥർസ്വാമി കണ്ടത്. കാശും തൊലിവെളുപ്പുമുള്ള ബ്രാഹ്മണപാരമ്പര്യം വീമ്പിളക്കുന്ന ക്രിസ്ത്യാനികൾക്കുമുന്നിൽ മതംമാറി തോമസും മറിയക്കുട്ടിയുമൊക്കെയായ ചാത്തനും നീലിയും പഴയ ചാത്തൻ പുലയനും നീലിപ്പുലയിയും തന്നെയായി. എല്ലാവർക്കും വിദ്യാഭ്യാസം എന്ന വാഗ്ദാനവുമായി തുടങ്ങിയ ക്രിസ്ത്യൻ സ്‌കൂളുകളിൽ ദളിത് ക്രൈസ്തവക്കുട്ടികളെ ക്ലാസിന്റെ മൂലയ്ക്ക് പ്രത്യേകം ബെഞ്ചിട്ട് ഇരുത്തി. അദ്ധ്യാപകൻ അടുത്തുചെന്ന് ചോദ്യംചോദിക്കുകയോ പഠിപ്പിക്കുകയോ ഇല്ല. ഇതൊക്കെ കണ്ട് മനംനൊന്തുപോയി തീർത്ഥർ സ്വാമിക്ക്. ശിവഗിരിയിലെത്തി തന്റെ കൺകണ്ട ദൈവത്തോട് ഈ സങ്കടവൃത്താന്തങ്ങൾ അറിയിച്ചു. ഗുരുസ്വാമിയുടെ അനുമതിവാങ്ങി തിരികെ കുറിച്ചിയിലെത്തി ഒരു ഏകദൈവക്ഷേത്രം പണിതു. കണ്ണാടി പ്രതിഷ്ഠയിൽ ആ ഗുരുശിഷ്യൻ ആലേഖനംചെയ്ത ഓംകാരത്തിന് അദ്വൈതബോധമാകുന്ന ബ്രഹ്മസ്വരൂപത്തെ ഭക്തഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കാനുള്ള തേജസുണ്ടായിരുന്നു. അതിൽ തിളങ്ങിനിന്ന കുരിശിന് ആകാശത്തോളം ഉയർന്ന പള്ളിമേടകളുടെ മുകളിൽ ഇരിക്കുന്നതിനെക്കാൾ ഔന്നത്യം ഉണ്ടായിരുന്നു. വിശ്വസാഹോദര്യമാണ് ശ്രേഷ്ഠമെന്ന് ആ ചന്ദ്രക്കല മാനവരാശിയോട് മൊഴിഞ്ഞുകൊണ്ടേയിരുന്നു. ആ ഏകദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് തീർത്ഥർ സ്വാമി ഒരു സ്‌കൂൾ തുടങ്ങി. ദളിത് കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് ക്ലാസിന്റെ മുൻനിരയിലിരുത്തി. അയിത്തം അങ്ങുമിങ്ങും ആചരിക്കരുതെന്ന് ഗുരുദേവസൂക്തങ്ങൾ ചൊല്ലിക്കൊണ്ട് സ്വാമി അവരെ പഠിപ്പിച്ചു. അദ്വൈതവിദ്യാശ്രമം സ്‌കൂളിൽനിന്ന് പഠിച്ച വിശ്വമാനവദർശനത്തിന്റെ പൊലിമ മങ്ങാതെ സൂക്ഷിക്കുന്ന ഒരു വലിയവിഭാഗം ജനതയാണ് ഇന്ന് കോട്ടയം മേഖലയിലെ മതസൗഹാർദ്ദത്തിന്റെ നിലപാടുതറയായി നിലകൊള്ളുന്ന ജനശക്തി. അന്നവിടെ തീർത്ഥർ സ്വാമി രൂപീകരിച്ച 120 ശാഖകളോളം ഉണ്ടായിരുന്ന തിരുവിതാംകൂർ മഹാജനസഭയാണ് പിന്നീട് എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്നത്.
ഗുരുദേവദർശനപഠനം പ്രായഭേദമെന്യേ വലിയവിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനായി കോട്ടയം കേന്ദ്രമാക്കി എസ്.എൻ.ഡി.പി യോഗത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ക്ഷിപ്രഫലം ലഭിക്കുന്നത് കോട്ടയം, ഇടുക്കി, അലപ്പുഴ, എറണാകുളം മേഖലകളിലായി തീർത്ഥർ സ്വാമി അന്ന് നടത്തിയ വിശുദ്ധ പ്രചാരവേലയുടെ വളക്കൂറിൽനിന്നാണെന്ന് നിസംശയം പറയാം. ആചാര്യ കെ. എൻ. ബാലാജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠനകേന്ദ്രത്തിന് നാല് ജില്ലകളിലായി അയ്യായിരത്തോളം സ്ഥിരം പഠിതാക്കളുണ്ട്. ഒരുപക്ഷേ, മദ്ധ്യകേരളത്തിൽ നടക്കുന്നതുപോലെ ശ്രീനാരായണഗുരുദേവ ദർശനപഠനവും പ്രചാരണവും മ​റ്റ് മേഖലകൾക്ക് ഇപ്പോഴും അന്യമായിരിക്കുന്നതു കാണുമ്പോഴാണ് തീർത്ഥർ സ്വാമിയുടെയും ടി.കെ. മാധവന്റെയുമൊക്കെ മഹത്വത്തെ നമിച്ചുപോകുന്നത്. ആ മഹത്വത്തിന്റെ ഔന്നിത്യം ഉള്ളിൽ

നിറച്ചുവച്ചുകൊണ്ടാണ് കുറിച്ചി ആശ്രമത്തിലെ പ്രസംഗപീഠത്തിൽ ഗുരുദർശനത്തെക്കുറിച്ചും കേരളനവോത്ഥാനത്തെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയത്. തീർത്ഥർ സ്വാമിയുടെ പാദാരവിന്ദത്തിൽ മനസാൽ നമിച്ചുകൊണ്ട് കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് പറഞ്ഞു.

ശ്രീനാരായണദർശനപഠനവും പ്രചാരണവും വടക്കൻ കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തലശ്ശേരി ക്ഷേത്രപരിസരത്തും മ​റ്റുചില ഇടങ്ങളിലും ഒതുങ്ങുന്ന കാഴ്ചയാണിന്ന്. ചില രാഷ്ട്രീയപ്പാർട്ടികളുടെ പകൽപ്പേടിയിൽ നിന്നുണ്ടാകുന്ന വിലക്കുകളാണ് ഇവിടങ്ങളിൽ വിലങ്ങുതടിയാകുന്നത്. ഗുരുദർശനത്തോളം പവിത്രമായ ജ്ഞാനം ഇനി മനുഷ്യരാശിക്ക് ലഭ്യമാവില്ല എന്നവർ തിരിച്ചറിയുന്നില്ല. ആ ദർശനപീയൂഷം നുകർന്നവന് ഏതുസാഹചര്യത്തിലും മനുഷ്യത്വത്തിന്റെ കാവലാളായി നിലകൊള്ളാൻ കഴിയും. ഹിന്ദുവിന് ജാതി അയിത്തവും പരമതദ്വേഷവുമില്ലാത്ത നല്ല ഹിന്ദുവായിരിക്കാനും ക്രിസ്ത്യാനിക്ക് ക്രിസ്തുവിന്റെ വിശ്വസ്‌നേഹം ഉൾക്കൊള്ളാൻ കഴിയുന്ന നല്ല ക്രിസ്ത്യാനിയായി ജീവിക്കാനും മുസ്ളിമിന് നബിതിരുമേനിയുടെ വിശ്വസാഹോദര്യത്തെ നെഞ്ചോടുചേർക്കുന്ന നല്ല മുസൽമാനായി ജീവിക്കാനും വെളിച്ചം പകരുന്ന സ്വതന്ത്രചിന്തയാണ് ഗുരുദേവദർശനം. നല്ലകോൺഗ്രസുകാരനും നല്ല കമ്മ്യൂണിസ്​റ്റുകാരനും നല്ല ബി. ജെ.പിക്കാരനുമെല്ലാം നയിക്കുന്ന രാഷ്ട്രീയകേരളം പ്രാവർത്തികമാക്കാനും മറ്റുമാർഗമില്ല.

പണ്ട് ധർമ്മതീർത്ഥർ സ്വാമി എന്ന ഗുരുദേവശിഷ്യൻ ഹിന്ദുമതത്തിലെ കുന്നായ്മകൾ കണ്ടുമടുത്ത് ക്രിസ്തുമതം സ്വീകരിച്ച് ജോൺ ധർമ്മതീർത്ഥരായി. ക്രിസ്തുവിനെക്കുറിച്ച് ഗ്രന്ഥങ്ങൾ എഴുതി. സി.എസ്.ഐ സഭയിലെ വൈദികനായി കൊല്ലം പട്ടത്താനത്ത് താമസിക്കുമ്പോൾ ഇടവകയിലെ ചിലർ അരമനയിലെത്തി. അവിടെ ശ്രീനാരായണഗുരുവിന്റെ ഫോട്ടോ മാത്രം! അവർ ചോദിച്ചു: 'ഫാദർ ഇതെന്താ ഇങ്ങനെ?' 'ഞാൻ മതംമാത്രമേ മാറിയിട്ടുള്ളൂ. ഗുരുവിനെ മാറിയിട്ടില്ല' എന്നായിരുന്നു വൈദികന്റെ മറുപടി. മലയാളികളായിപ്പിറന്നവർ പൂർവികരെ ധ്യാനിച്ചിട്ട് ആയിരംവട്ടം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം ഈ ചോദ്യം. നമുക്ക് ഇഷ്ടമുള്ള രാഷ്ട്രീയവും മതവും സ്വീകരിക്കാം. പക്ഷേ, ശ്രീനാരായണഗുരുദേവനെ നമ്മുടെ ഗുരുസ്ഥാനത്തുനിന്ന് മാ​റ്റാൻ സാധിക്കുമോ?