മതവും രാഷ്ട്രീയവും മാറാം, ഗുരുവിനെ മാറ്റാമോ?
കുറിച്ചി അദ്വൈതവിദ്യാശ്രമത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോൾ പടിഞ്ഞാറുനിന്ന് ഒരിളംകാറ്റ് വന്ന് വാരിപ്പുണർന്നുകൊണ്ട് സ്വാഗതമോതുന്നു. ആ കാറ്റിൽ അലിഞ്ഞവിശുദ്ധിയുടെ വിയർപ്പുഗന്ധത്തിൽനിന്ന് സൂക്ഷ്മദേഹിയായ ആതിഥേയനെ തിരിച്ചറിഞ്ഞു; ഗുരുസ്വാമിതൃപ്പാദങ്ങളുടെ വത്‌സലശിഷ്യൻ സ്വാമി ശ്രീനാരായണ തീർത്ഥർ! 'പലമതസാരവും ഏകം' എന്ന ഗുരുവചനത്തെ പ്രതിഷ്ഠിച്ച തീർത്ഥർ സ്വാമിയുടെ ഏകദൈവക്ഷേത്രത്തിൽ അപ്പോൾ ദീപാരാധനയ്ക്ക് മണിമുഴങ്ങി, 'വരൂ തൊഴുതിട്ടാവാം ബാക്കി' എന്ന് സ്വാമി മൊഴിയുംപോലെ.
ഓംകാരം, വിശുദ്ധ കുരിശ്, ചന്ദ്രക്കല എന്നിവ ആലേഖനംചെയ്ത കണ്ണാടിപ്രതിഷ്ഠയിൽ വൈദികൻ ആരതി ഉഴിയുന്നു. അപ്പോൾ മനസ് ആ കണ്ണാടിയിൽ പ്രതിഫലിച്ച ഭൂതകാലത്തിലേക്ക് ഊളിയിടുകയായിരുന്നു. വേദാന്തവും തത്വശാസ്ത്രവും പഠിപ്പിച്ച് ഗുരുദേവൻ കോട്ടയത്തേക്ക് അയച്ച സ്വാമി ശ്രീനാരായണ തീർത്ഥർക്ക് പാമ്പാടിക്ഷേത്രത്തിൽ ആരതി ഉഴിയുന്നതിനെക്കാൾ പ്രിയം നാടിന്റെ ഹൃത്തടംതേടി ഉഴലുന്നതിലായിരുന്നു. കോട്ടയം ജില്ലയിലും പരിസരജില്ലകളിലും നഗ്നപാദനായി നടന്ന് ജനജീവിതത്തെ അറിയാനും അവരെ ഗുരുവിന്റെ ധർമ്മംപഠിപ്പിച്ച് നേരാംവഴികാട്ടാനുമായി ഒരുപാട് വിയർപ്പൊഴുക്കി ആ ഗുരുശിഷ്യൻ. ഇന്ന് കുറിച്ചിയിൽ തലയുയർത്തിനില്ക്കുന്ന ഹയർസെക്കൻഡറി സ്‌കൂളും വലിയ ആശ്രമവളപ്പുമെല്ലാം ആ വിയർപ്പിന്റെ വീര്യംനുണഞ്ഞ് വളർന്നുപന്തലിച്ചതാണ്.
പൊതുനിരത്തുകളിൽ നിന്ന് ആട്ടിയകറ്റപ്പെട്ട മണ്ണിന്റെ മക്കൾ അപമാനം സഹിക്കവയ്യാതെ ക്രിസ്തുമതം സ്വീകരിക്കുന്ന കാലമായിരുന്നു അത്. കോട്ടയം, കുറിച്ചി മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ ജീവിതസൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ദളിതരെ വ്യാപകമായി മതംമാറ്റിക്കൊണ്ടിരുന്നു. കൊന്തയിട്ടാൽ അടിസ്ഥാന അവകാശങ്ങൾ പലതും ലഭിക്കുമെന്ന് ദളിതർ കിനാവുകണ്ടു. പൊതുവഴിയിൽ നടക്കാം, കുട്ടികളെ മിഷണറി സ്‌കൂളിൽവിട്ട് പഠിപ്പിക്കാം എന്നിങ്ങനെ സ്വർഗരാജ്യം സ്വപ്നംകണ്ട് മതംമാറിയവർ പക്ഷേ, വഞ്ചിക്കപ്പെടുന്ന കാഴ്ചയായിരുന്നു തീർത്ഥർസ്വാമി കണ്ടത്. കാശും തൊലിവെളുപ്പുമുള്ള ബ്രാഹ്മണപാരമ്പര്യം വീമ്പിളക്കുന്ന ക്രിസ്ത്യാനികൾക്കുമുന്നിൽ മതംമാറി തോമസും മറിയക്കുട്ടിയുമൊക്കെയായ ചാത്തനും നീലിയും പഴയ ചാത്തൻ പുലയനും നീലിപ്പുലയിയും തന്നെയായി. എല്ലാവർക്കും വിദ്യാഭ്യാസം എന്ന വാഗ്ദാനവുമായി തുടങ്ങിയ ക്രിസ്ത്യൻ സ്‌കൂളുകളിൽ ദളിത് ക്രൈസ്തവക്കുട്ടികളെ ക്ലാസിന്റെ മൂലയ്ക്ക് പ്രത്യേകം ബെഞ്ചിട്ട് ഇരുത്തി. അദ്ധ്യാപകൻ അടുത്തുചെന്ന് ചോദ്യംചോദിക്കുകയോ പഠിപ്പിക്കുകയോ ഇല്ല. ഇതൊക്കെ കണ്ട് മനംനൊന്തുപോയി തീർത്ഥർ സ്വാമിക്ക്. ശിവഗിരിയിലെത്തി തന്റെ കൺകണ്ട ദൈവത്തോട് ഈ സങ്കടവൃത്താന്തങ്ങൾ അറിയിച്ചു. ഗുരുസ്വാമിയുടെ അനുമതിവാങ്ങി തിരികെ കുറിച്ചിയിലെത്തി ഒരു ഏകദൈവക്ഷേത്രം പണിതു. കണ്ണാടി പ്രതിഷ്ഠയിൽ ആ ഗുരുശിഷ്യൻ ആലേഖനംചെയ്ത ഓംകാരത്തിന് അദ്വൈതബോധമാകുന്ന ബ്രഹ്മസ്വരൂപത്തെ ഭക്തഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കാനുള്ള തേജസുണ്ടായിരുന്നു. അതിൽ തിളങ്ങിനിന്ന കുരിശിന് ആകാശത്തോളം ഉയർന്ന പള്ളിമേടകളുടെ മുകളിൽ ഇരിക്കുന്നതിനെക്കാൾ ഔന്നത്യം ഉണ്ടായിരുന്നു. വിശ്വസാഹോദര്യമാണ് ശ്രേഷ്ഠമെന്ന് ആ ചന്ദ്രക്കല മാനവരാശിയോട് മൊഴിഞ്ഞുകൊണ്ടേയിരുന്നു. ആ ഏകദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് തീർത്ഥർ സ്വാമി ഒരു സ്‌കൂൾ തുടങ്ങി. ദളിത് കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് ക്ലാസിന്റെ മുൻനിരയിലിരുത്തി. അയിത്തം അങ്ങുമിങ്ങും ആചരിക്കരുതെന്ന് ഗുരുദേവസൂക്തങ്ങൾ ചൊല്ലിക്കൊണ്ട് സ്വാമി അവരെ പഠിപ്പിച്ചു. അദ്വൈതവിദ്യാശ്രമം സ്‌കൂളിൽനിന്ന് പഠിച്ച വിശ്വമാനവദർശനത്തിന്റെ പൊലിമ മങ്ങാതെ സൂക്ഷിക്കുന്ന ഒരു വലിയവിഭാഗം ജനതയാണ് ഇന്ന് കോട്ടയം മേഖലയിലെ മതസൗഹാർദ്ദത്തിന്റെ നിലപാടുതറയായി നിലകൊള്ളുന്ന ജനശക്തി. അന്നവിടെ തീർത്ഥർ സ്വാമി രൂപീകരിച്ച 120 ശാഖകളോളം ഉണ്ടായിരുന്ന തിരുവിതാംകൂർ മഹാജനസഭയാണ് പിന്നീട് എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്നത്.
ഗുരുദേവദർശനപഠനം പ്രായഭേദമെന്യേ വലിയവിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനായി കോട്ടയം കേന്ദ്രമാക്കി എസ്.എൻ.ഡി.പി യോഗത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ക്ഷിപ്രഫലം ലഭിക്കുന്നത് കോട്ടയം, ഇടുക്കി, അലപ്പുഴ, എറണാകുളം മേഖലകളിലായി തീർത്ഥർ സ്വാമി അന്ന് നടത്തിയ വിശുദ്ധ പ്രചാരവേലയുടെ വളക്കൂറിൽനിന്നാണെന്ന് നിസംശയം പറയാം. ആചാര്യ കെ. എൻ. ബാലാജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ പഠനകേന്ദ്രത്തിന് നാല് ജില്ലകളിലായി അയ്യായിരത്തോളം സ്ഥിരം പഠിതാക്കളുണ്ട്. ഒരുപക്ഷേ, മദ്ധ്യകേരളത്തിൽ നടക്കുന്നതുപോലെ ശ്രീനാരായണഗുരുദേവ ദർശനപഠനവും പ്രചാരണവും മറ്റ് മേഖലകൾക്ക് ഇപ്പോഴും അന്യമായിരിക്കുന്നതു കാണുമ്പോഴാണ് തീർത്ഥർ സ്വാമിയുടെയും ടി.കെ. മാധവന്റെയുമൊക്കെ മഹത്വത്തെ നമിച്ചുപോകുന്നത്. ആ മഹത്വത്തിന്റെ ഔന്നിത്യം ഉള്ളിൽ
നിറച്ചുവച്ചുകൊണ്ടാണ് കുറിച്ചി ആശ്രമത്തിലെ പ്രസംഗപീഠത്തിൽ ഗുരുദർശനത്തെക്കുറിച്ചും കേരളനവോത്ഥാനത്തെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയത്. തീർത്ഥർ സ്വാമിയുടെ പാദാരവിന്ദത്തിൽ മനസാൽ നമിച്ചുകൊണ്ട് കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് പറഞ്ഞു.
ശ്രീനാരായണദർശനപഠനവും പ്രചാരണവും വടക്കൻ കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തലശ്ശേരി ക്ഷേത്രപരിസരത്തും മറ്റുചില ഇടങ്ങളിലും ഒതുങ്ങുന്ന കാഴ്ചയാണിന്ന്. ചില രാഷ്ട്രീയപ്പാർട്ടികളുടെ പകൽപ്പേടിയിൽ നിന്നുണ്ടാകുന്ന വിലക്കുകളാണ് ഇവിടങ്ങളിൽ വിലങ്ങുതടിയാകുന്നത്. ഗുരുദർശനത്തോളം പവിത്രമായ ജ്ഞാനം ഇനി മനുഷ്യരാശിക്ക് ലഭ്യമാവില്ല എന്നവർ തിരിച്ചറിയുന്നില്ല. ആ ദർശനപീയൂഷം നുകർന്നവന് ഏതുസാഹചര്യത്തിലും മനുഷ്യത്വത്തിന്റെ കാവലാളായി നിലകൊള്ളാൻ കഴിയും. ഹിന്ദുവിന് ജാതി അയിത്തവും പരമതദ്വേഷവുമില്ലാത്ത നല്ല ഹിന്ദുവായിരിക്കാനും ക്രിസ്ത്യാനിക്ക് ക്രിസ്തുവിന്റെ വിശ്വസ്‌നേഹം ഉൾക്കൊള്ളാൻ കഴിയുന്ന നല്ല ക്രിസ്ത്യാനിയായി ജീവിക്കാനും മുസ്ളിമിന് നബിതിരുമേനിയുടെ വിശ്വസാഹോദര്യത്തെ നെഞ്ചോടുചേർക്കുന്ന നല്ല മുസൽമാനായി ജീവിക്കാനും വെളിച്ചം പകരുന്ന സ്വതന്ത്രചിന്തയാണ് ഗുരുദേവദർശനം. നല്ലകോൺഗ്രസുകാരനും നല്ല കമ്മ്യൂണിസ്റ്റുകാരനും നല്ല ബി. ജെ.പിക്കാരനുമെല്ലാം നയിക്കുന്ന രാഷ്ട്രീയകേരളം പ്രാവർത്തികമാക്കാനും മറ്റുമാർഗമില്ല.
പണ്ട് ധർമ്മതീർത്ഥർ സ്വാമി എന്ന ഗുരുദേവശിഷ്യൻ ഹിന്ദുമതത്തിലെ കുന്നായ്മകൾ കണ്ടുമടുത്ത് ക്രിസ്തുമതം സ്വീകരിച്ച് ജോൺ ധർമ്മതീർത്ഥരായി. ക്രിസ്തുവിനെക്കുറിച്ച് ഗ്രന്ഥങ്ങൾ എഴുതി. സി.എസ്.ഐ സഭയിലെ വൈദികനായി കൊല്ലം പട്ടത്താനത്ത് താമസിക്കുമ്പോൾ ഇടവകയിലെ ചിലർ അരമനയിലെത്തി. അവിടെ ശ്രീനാരായണഗുരുവിന്റെ ഫോട്ടോ മാത്രം! അവർ ചോദിച്ചു: 'ഫാദർ ഇതെന്താ ഇങ്ങനെ?' 'ഞാൻ മതംമാത്രമേ മാറിയിട്ടുള്ളൂ. ഗുരുവിനെ മാറിയിട്ടില്ല' എന്നായിരുന്നു വൈദികന്റെ മറുപടി. മലയാളികളായിപ്പിറന്നവർ പൂർവികരെ ധ്യാനിച്ചിട്ട് ആയിരംവട്ടം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം ഈ ചോദ്യം. നമുക്ക് ഇഷ്ടമുള്ള രാഷ്ട്രീയവും മതവും സ്വീകരിക്കാം. പക്ഷേ, ശ്രീനാരായണഗുരുദേവനെ നമ്മുടെ ഗുരുസ്ഥാനത്തുനിന്ന് മാറ്റാൻ സാധിക്കുമോ?
No comments:
Post a Comment