Wednesday 30 January 2013

വൈക്കം യൂണിയൻ ഗുരുമന്ദിര സമർപ്പണം

വൈക്കം: സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ സർവേ നടത്തി ഏതെല്ലാം സമുദായങ്ങൾക്ക് എന്തെല്ലാം കുറവുകളുണ്ടെന്ന് കണ്ടെത്തി പരിഹരിക്കാനുള്ള ആർജ്ജവം ഭരിക്കുന്നവർ കാട്ടണമെന്ന് എസ്.എൻ.ഡ‌ി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം വൈക്കം യൂണിയൻ ഗുരുമന്ദിര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സമുദായത്തിന് ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. നാം ചോദിക്കുന്പോൾ നയമില്ല, പണമില്ല എന്ന് പറയും. എന്നാലത് പരസ്യമായി പറഞ്ഞാൽ ജാതി പറയുന്നു എന്ന് പറഞ്ഞ് ഒറ്റപ്പെടുത്താൻ ശ്രമിക്കും. മലബാറിൽ ചത്താൽകുഴിച്ചിടാൻ പോലും ഈഴവന് സ്ഥലമുണ്ടായിരുന്നില്ല. ഇവിടെ പലരും അഞ്ചാം മന്ത്രിയെന്ന് വിളിച്ചാക്ഷേപിക്കുന്ന മഞ്ഞളാംകുഴി അലിയാണ് വർഷങ്ങൾക്ക് മുന്പ് രണ്ട് ശ്മശാനങ്ങൾ വാങ്ങി നൽകിയത്. നീതികേടുകൾ തുറന്നുകാട്ടുന്പോൾ തന്നെ, നീതി ചെയ്തത് തുറന്നു പറയാനും യോഗത്തിന് മടിയില്ല. യോഗത്തിന്റെ ഏറെ നാളത്തെ മുറവിളിക്കുശേഷം പിന്നാക്ക വികസന വകുപ്പ് യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. മുരുകൻമല പതിച്ചു തന്നതും മറ്റാരുമല്ല. മുഖ്യമന്ത്രിയും കെ. എം. മാണിയും വാക്കുപാലിക്കുന്നവരാണ്. തിരുവഞ്ചൂരും സഹായിച്ചിട്ടുണ്ട്. പക്ഷേ, ഈഴവ സമുദായത്തെ പിന്നോട്ടടിക്കാൻ ശ്രമിച്ചിട്ടുള്ളത് മന്ത്രി പി.ജെ. ജോസഫാണ്. - വെള്ളാപ്പള്ളി പറഞ്ഞു. ആശ്രമം സ്കൂളിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ അദ്ധ്യക്ഷനായിരുന്നു.

No comments:

Post a Comment