Friday 12 July 2013

Add caption

കേവലം നിരൂപണാത്മകമായ ഒരു ദുര്‍ബ്ബല നിലപാടല്ല അദ്വൈതം. മറ്റുള്ളവര്‍ അതിരുവിട്ടടുക്കുമ്പോള്‍ അവരെ അദ്വൈതി നിരൂപിക്കുന്നു; നിഷ്പ്രയാസം ദൂരെ എടുത്തെറിയുകയും ചെയ്യുന്നു. പക്ഷേ, സ്വന്തമായ നിലപാട്‌ അദ്വൈതി രൂപപ്പെടുത്തുന്നുണ്ട്‌. നിരൂപണവും ഗ്രന്ഥപ്രദര്‍ശനവും കൊണ്ട്‌ അടങ്ങാതെ നിരൂപിക്കുന്നവന്‍ അദ്വൈതിമാത്രമാണ്‌.
നമ്മുടെ ഈ കൊച്ചുലോകത്തില്‍, ഈ ജഗത്തില്‍, വ്യക്തിത്വമെന്നൊന്നില്ല. വിചാരവും വികാരവും, മനസ്സും ശരീരവും, മനുഷ്യരും മൃഗങ്ങളും ചെടികളുമൊക്കെ സദാ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്‌, പക്ഷേ പ്രപഞ്ചത്തെയാകമാനം ഒരൊറ്റയായി എടുത്തുനോക്കുക. അതിന്‌ മാറാനോ അനങ്ങാനോ കഴിയുമോ? തീര്‍ച്ചയായുമില്ല. കൂടുതല്‍ പതുക്കെ ചലിക്കുന്നതോ ചലിക്കാത്തതോ ആയ ഒന്നിനെ അപേക്ഷിച്ചേ ചലനം സാദ്ധ്യമാകൂ. അതുകൊണ്ട്‌ പ്രപഞ്ചമാസകലം, ഒരൊറ്റയെന്ന നിലയില്‍ നിശ്ചലമാണ്‌. വികാരം ഇല്ലാത്തതാണ്‌. അപ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിയാകുന്നത്‌ നിങ്ങളെല്ലാവരും ചേര്‍ന്ന്‌ അതാകുമ്പോഴാണ്‌. ‘ഞാനാണ്‌ പ്രപഞ്ചം’ എന്ന സാക്ഷാത്കാരം കൈവരുമ്പോഴാണ്‌. അതിനാല്‍ വേദാന്തി പറയുന്നു, രണ്ടുള്ളിടത്തോളം കാലം ഭയത്തിനറുതിവരികയില്ലെന്ന്‌. മറ്റൊരുവിനെ കാണാതെയും മറ്റൊരുവന്റെ സത്ത അനുഭവപ്പെടാതെയും വരുമ്പോഴേ, എല്ലാം ഒന്നാകുമ്പോഴേ, ഭയം തീരൂ: സംസാരം മാഞ്ഞുപോകൂ. അതിനാല്‍ അദ്വൈതം നമ്മെ പഠിപ്പിക്കുന്നു, മനുഷ്യന്‍ വ്യക്തിയാകുന്നത്‌ അവന്‌ സാമാന്യഭാവം വരുമ്പോഴാണെന്നും, അമരനാകുന്നത്‌ സ്വയം പ്രപഞ്ചമാകുമ്പോഴാണ്‌. അപ്പോള്‍ പ്രപഞ്ചമെന്ന്‌ വിളിക്കപ്പെടുന്നത്‌ ഈശ്വരനെന്ന്‌ വിളിക്കപ്പെടുന്നതുതന്നെ, സത്തയെന്ന്‌ വിളിക്കപ്പെടുന്നതുതന്നെ, പൂര്‍ണമെന്ന്‌ വിളിക്കപ്പെടുന്നതുതന്നെ.നമ്മളും നമ്മളുടെ മനോഭാവമുള്ളവരും കാണുന്ന ലോകം അഭിന്നമായ ആ ഏകസത്തയാണ്‌.

അവനിവാഴ്വിന്‍ തലപ്പത്തിരിപ്പവന്‍
അധിനിവേശം മഹാമന്ത്രമാക്കിയോന്‍
അലിവിന്നാധാരമില്ലെങ്കിലെങ്ങനെ
മനുജനായ്ക്കാലമോര്‍ക്കുവതെപ്പൊഴും

പിഴകളെണ്ണിത്തിരിക്കുവാനൊക്കൊലാ
ഹിതമതോടെയുമല്ലാതെയും ദിനം
ഹൃദയമൊന്നില്‍ പിഴാബോധമേശിയാല്‍
അതുവരേയ്ക്കുള്ള പാപമോ ശൂന്യമായ്

വിടജപങ്ങള്‍ കലികാലകേളികള്‍
ചകിതമാനസത്തേങ്ങലിന്നൊച്ചകള്‍
അണുപിളര്‍ന്നും മഹാമാരി തൂകിയും
സഹജജീവിതം താറുമാറാക്കുവോര്‍

ഹൃദയമുള്ളില്‍ വിഷപ്പാമ്പൊളിച്ചവര്‍
പുണരുമെങ്കിലും കത്തിയാഴ്ത്തുന്നവര്‍
ഗുരുവചസ്സിന്റെ ഗംഗ തൊടാത്തവര്‍
വികടലോകം ഭരിച്ചു മുടിപ്പവര്‍

ഇനിയുമേറെ വൈകീടൊല്ലേ കൂട്ടരേ
ഹൃദയജാലകം മെല്ലെത്തുറന്നിടൂ
തരളമാമെന്റെ ഗുരുദേവഗീതികള്‍
അമൃതമായ് നിന്റെ ഹൃദയത്തിലൂറട്ടെ

മധുകണമുണ്ടുറങ്ങാതെ വണ്ടേ നീ
മതിവരുംവരെ പാടിനടക്കുക
മഹിതമാനസ ഗീതങ്ങളായെന്റെ
മനിതസ്നേഹിയാം ഗുരുവിന്‍ കരുണകള്‍!

1 comment:

  1. പ്രിയ സഹോദരന്,
    എൻ്റെ ഈ എളിയ രചന ഹൃദയത്തിൽ ഏറ്റുവാങ്ങിയതിന് ഏറെ നന്ദിയുണ്ട്.
    സസ്നേഹം ഹരി ചാരുത ഫോൺ: 9846882019

    ReplyDelete