Saturday 27 July 2013

Narayanamurte

ഓം ഗുരുചരണം ശരണം!
- കുമാരനാശാൻ   Narayanamurthe!)

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!

ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ! (നാ)

അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനക്കൊച്ചയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരുനാരായണമൂർത്തേ! (നാ)

അന്യർക്കു ഗുണംചെയ്‌വതിനായുസ്സും വപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലിചെയ്‌വു
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ! (നാ)

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടൂം
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ! (നാ)

മോഹാകുലരാം ഞങ്ങളെ അങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ
ആഹാബഹുലക്ഷം ജനമങ്ങേതിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ! (നാ)

അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കും ശുഭം ചേർത്തീടുമീ ഞങ്ങടെയോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ-
മങ്ങാതെ ചിരം നിൻപുകൾപോൽ ശ്രീ ഗുരുമൂർത്തേ!

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!

No comments:

Post a Comment