Saturday 27 July 2013

'ഈ ഇതിഹാസത്തിലെ കഥാനായകന്‍ ആരാണ്

അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാല്‍, ഒരു സാധാരണവായനക്കാരന്റെ ഉള്ളില്‍ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീര്‍ത്ത് അതു മനസ്സിലാക്കിയ ഒരാള്‍ ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാള്‍ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-'ഈ ഇതിഹാസത്തിലെ കഥാനായകന്‍ ആരാണ്' എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആള്‍ ചോദിച്ച മുഖ്യമായ ചോദ്യം 'രാമന്‍ ആരാണ്' എന്നതാണല്ലോ?

ശ്രീനാരായണഗുരുദേവന്‍ ഒരു മഹത്തായ ഇതിഹാസത്തിലെ കഥാനായകനായിരുന്നു. ആദര്‍ശസംസ്ഥാപനംചെയ്തുകൊണ്ട് സമൂഹോത്ഥാപനം നിര്‍വഹിച്ച ശ്രീനാരായണന്റെ അപദാനഗരിഷ്ഠമായ ജീവിതത്തെ ഒരിതിഹാസത്തോട് ഉപമിക്കുന്നത് എത്രയും യുക്തമാണ്. അപ്പോള്‍, ശ്രീനാരായണന്‍ ആരായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും പൊന്തിവരുന്നു. ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണ്. അല്ല വെറുമൊരു അധികാരലോഭിയായ രാജാവാണ് എന്നിങ്ങനെ പലപല ഉത്തരങ്ങള്‍ കേള്‍ക്കുന്നതുപോലെ ശ്രീനാരായണനെ സംബന്ധിച്ചും പലതരം ഉത്തരങ്ങള്‍ക്കു പഞ്ഞമില്ല. ശ്രീനാരായണന്‍ തികഞ്ഞ അദൈ്വതിയും മഹാനായ സംന്യാസിയും ആര്‍ഷപാരമ്പര്യത്തിന്റെ അഭിനവപ്രകാശകനും ഒക്കെയാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍, വേറെ കൂട്ടര്‍ അദ്ദേഹത്തെ ഒരു സമൂഹപരിഷ്‌കര്‍ത്താവും അനാചാരവിധ്വംസകനും ഒക്കെയായി കാണുന്നു. ഈ അഭിപ്രായവൈവിധ്യത്തിന്റെ നടുവില്‍ ആ ഐതിഹാസികമായ ചോദ്യം എത്ര പ്രസക്തമല്ല-ശ്രീനാരായണന്‍ ആരായിരുന്നു?
ഗുരുദേവന്‍ അദൈ്വതിയോ സംന്യാസിയോ അല്ലെന്നോ, മറിച്ച്, സമൂഹപരിഷ്‌കര്‍ത്താവോ അനാചാരപ്രധ്വംസകനോ, അല്ലെന്നോ ആര്‍ക്കും വാദിച്ചു നില്ക്കാന്‍ സാധിക്കുകയില്ല എന്നെനിക്കു തോന്നുന്നു. അദ്ദേഹം അദൈ്വതിയാണെന്നുള്ളതുകൊണ്ട് അദൈ്വതിമാത്രമാണെന്നും സമൂഹപരിഷ്‌കര്‍ത്താവാണെന്നതുകൊണ്ട് സമൂഹപരിഷ്‌കര്‍ത്താവ് മാത്രമാണെന്നും അദൈ്വതിയല്ലെന്നും വാദിക്കാന്‍ പറ്റുമോ? അദൈ്വതി സമൂഹപരിഷ്‌കരണത്തിനു പറ്റാത്ത ആളാണെന്നും, സമൂഹപരിഷ്‌കര്‍ത്താവ് അദൈ്വതം മനസ്സിലാക്കാനാവാത്ത ആളാണെന്നും ആരും നിരോധിച്ചിട്ടില്ല. നിരോധിക്കാനൊക്കുകയുമില്ല. ഇങ്ങനെയുള്ള വാദങ്ങളെ ആത്യന്തികവാദങ്ങളെന്ന നിലയ്ക്കു തള്ളിക്കളയേണ്ടിവരും. അദൈ്വതിയുടെയും സമൂഹപരിഷ്‌കര്‍ത്താവിന്റെയും സങ്കലിതമായ ഒരു സങ്കീര്‍ണവ്യക്തിത്വമായിരുന്നു സ്വാമിയുടേത്. പഴയ കാലത്തെ സംന്യാസിമാരെപ്പോലെ സമൂഹജീവിതത്തില്‍നിന്ന് അകന്നുകൊണ്ട് സദാ ധ്യാനലോകത്തില്‍ കഴിഞ്ഞുകൂടിയ ഒരാളായിരുന്നില്ല നാരായണഗുരു. ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങള്‍ക്കുവേണ്ടി എന്തൊക്കെയോ ചെയ്യാനായി ബഹളംകൂട്ടുന്ന ഒരു സമൂഹസേവകനുമായിരുന്നില്ല അദ്ദേഹം. ഇന്നാട്ടില്‍ പണ്ടും ഇന്നും പെരുത്തിരിക്കുന്ന ഭിക്ഷാംദേഹികളായ സംന്യാസിമാരില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ശ്രീനാരായണന്‍. ഈ നിലപാടില്‍നിന്ന് നോക്കിയാലല്ലാതെ അദ്ദേഹത്തിന്റെ മഹിമ കണ്ടെത്തുക പ്രയാസമായിരിക്കും. ഗുരു എന്ന ശീര്‍ഷകത്തില്‍ പ്രശസ്തമായ കുമാരനാശാന്റെ ആ 'വനമാലാപദ്യത്തില്‍ നാരായണഗുരുവിന്റെ ഈ നിസ്തുലമായ വ്യത്യാസത്തെപ്പറ്റി സരസമായി പ്രതിപാദിച്ചിരിക്കുന്നതു കാണാം. അതിലെ പ്രചാരമാര്‍ന്ന ഒരു നാലുവരി ഇതാണല്ലോ:

അന്യര്‍ക്കു ഗുണംചെയ്‌വതി
നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മ
തപസ്സും ബലിചെയ്‌വൂ!
സംന്യാസികളില്ലിങ്ങനെ-
യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവ-
രും ശ്രീഗുരുമൂര്‍ത്തേ!

'ശ്രീരാമന്‍, ശ്രീരാമന്‍തന്നെ' എന്നു പറഞ്ഞതുപോലെ, 'ശ്രീനാരായണന്‍ ശ്രീനാരായണന്‍തന്നെ' എന്നാണ് ഇതില്‍ വര്‍ണിച്ചിരിക്കുന്ന നിരുപമത്വത്തിന് അര്‍ഥം. അദ്ദേഹത്തിന്റെ വാഗ്‌രൂപേണയുള്ള സന്ദേശങ്ങളെയും കര്‍മരൂപേണയുള്ള ജീവിതത്തെയും നിഷ്‌കൃഷ്ടമായി പഠിച്ചാലല്ലാതെ ഈ നിസ്തുലത എന്താണെന്ന് അറിയാന്‍ സാധ്യമല്ല. സ്വന്തം ജീവിതത്തില്‍ ആചരണത്തെയും പ്രചാരണത്തെയും -വാക്കിനെയും പ്രവൃത്തിയെയും - ഭേദമെന്നിയെ സുന്ദരമായി സമ്മേളിപ്പിച്ച ഒരു അസാമാന്യപുരുഷനായിരുന്നു സ്വാമികള്‍. ആശാന്റെ പദ്യത്തില്‍ വ്യതിരേകരീതിയില്‍ വിവരിച്ചതരം വ്യക്തികളുടെ വാക്കിനെ പിന്തുടര്‍ന്നാല്‍ അവരുടെ കര്‍മത്തെയോ, കര്‍മത്തെ പിന്തുടര്‍ന്നാല്‍ അവരുടെ വാക്കിനെയോ കണ്ടെത്തുക പ്രയാസമാണ്. വാഗര്‍ഥങ്ങളെ സമന്വയിപ്പിച്ച ഒരു കാവ്യംപോലെ ഗുരുദേവന്റെ ജീവിതത്തില്‍ വാക്കര്‍മങ്ങള്‍ രസാത്മകമായി സമ്മേളിച്ചു.

അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്ന വാക്ക് അദൈ്വതവേദാന്തത്തിന്റേതായിരുന്നു - ശങ്കരാചാര്യരിലൂടെ വിശ്വവിജയം നേടിയ വേദാന്തം. പരമമായ ഏകത്വത്തിന്റെ വിളംബരവും നാനാത്വത്തിന്റെ നിഷേധവുമാണ് അതിന്റെ സന്ദേശം. ജീവിതം മിഥ്യയാണെന്നതിന് അര്‍ഥം, മിഥ്യയായ നാനാത്വം നിറഞ്ഞതാകയാല്‍ ജീവിതം മിഥ്യയാണെന്നുമാത്രമത്രേ. അനുഭൂതിയുടെ അനവദ്യമുഹൂര്‍ത്തത്തില്‍ നാനാത്വങ്ങളെയെല്ലാം വിരമിപ്പിക്കുന്ന അഖണ്ഡസുഖാംഭോധിയില്‍ ആത്മാവ് നിമഗ്നമായിത്തീരുന്നതിനെപ്പറ്റി ശ്രീശങ്കരന്‍ വിവേകചൂഡാമണിയിലും മറ്റും പല തവണ പാടിയിട്ടുണ്ട്. ഇത്തരം സുദുര്‍ലഭമുഹൂര്‍ത്തങ്ങളില്‍മാത്രം മനുഷ്യര്‍ ഏകത്വം അനുഭവിച്ചിരുന്നതിനാല്‍ മതിയോ? വ്യവഹാരജീവിതത്തില്‍ വ്യാപരിക്കുമ്പോള്‍ ഏകത്വം അനുഷ്ഠിക്കപ്പെടേണ്ടതില്ലേ? സാധാരണജീവിതത്തിലുള്ള വൈവിധ്യങ്ങളെയും നാനാത്മകതയെയും കണ്ടില്ലെന്നു നടിച്ച് അനുഭൂതിശരണനായി കഴിയുന്നത് അദൈ്വതത്തോടു നിരക്കുമോ? പട്ടിയെയും ചണ്ഡാലനെയും ഒരുപോലെ കാണുന്നവനാണ് 'ആത്മജ്ഞാനി' എന്ന് ഗീത ഘോഷിച്ചിട്ടുണ്ടെങ്കിലും, സാമാന്യജീവിതത്തില്‍ ഈ തത്ത്വം പരിപാലിക്കാന്‍ കഴിഞ്ഞ സംന്യാസികള്‍ ഇന്ത്യയില്‍ വളരെ കുറവായിരുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് അവര്‍ എല്ലാം മായയാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദൈ്വതവേദാന്തത്തെത്തന്നെ കളങ്കപങ്കിലമാക്കിക്കളഞ്ഞു.

ഇത്തരത്തിലുള്ള ജീവിതനിഷേധമല്ല യഥാര്‍ഥമായ അദൈ്വതമെന്നും പരമാനുഭൂതിക്കു ചോടെ ജീവിക്കുന്ന സന്ദര്‍ഭങ്ങളില്‍ എവിടെയെല്ലാം അനൈക്യത്തിന്റെ നിഴല്‍ പരന്നിട്ടുണ്ടോ അവിടെയെല്ലാം ഐക്യബോധത്തിന്റെ വെളിച്ചം പരത്തേണ്ടതാണെന്നും ശ്രീനാരായണന്‍ വാദിച്ചു. മായാവാദത്തിന്റെ മറവില്‍ അനീതികളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിനോടു ഗുരുദേവന്‍ യോജിച്ചില്ല. വ്യാവഹാരികജീവിതത്തിലും അദൈ്വതബോധത്തെ ആവുന്നത്ര ഉള്‍ക്കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇവിടെയാണ്, ഇത്രത്തോളവുമാണ്, ശ്രീനാരായണന്‍ ജീവിതത്തെ അംഗീകരിച്ചത്. ഭാരതീയതത്ത്വചിന്ത ജീവിതനിഷേധാത്മകമാണ് എന്നു വാദിച്ച ഷൈ്വറ്റ്‌സ് റെപ്പോലുള്ള ചിന്തകന്മാര്‍ക്കുപോലും ഈ നാരായണമതത്തോട് കലശല്‍ കൂട്ടുവാന്‍ കഴിയുന്നില്ലെന്നു വ്യക്തമാണ്.
ശ്രീനാരായണന്‍ സമൂഹപരിഷ്‌കരണത്തിനിറങ്ങിയത് കേരളത്തിലെ ജാതിഭേദത്തിന്റെ കെടുതി കണ്ടറിഞ്ഞിട്ടാണ്. അദ്ദേഹം അദൈ്വതം തേടിപ്പോയത് ജാതിഭേദത്തെ നിര്‍മൂല്യം നശിപ്പിക്കുവാന്‍ പര്യാപ്തമായ ഒരു തത്ത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. ജാതിവ്യത്യാസം തുടങ്ങിയ ഭേദകല്പനകള്‍ മനുഷ്യജീവിതത്തെ അപൂര്‍ണമാക്കുന്നു. ജീവിതത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഉഴറിയപ്പോഴാണ് ശ്രീനാരായണന്‍ ജാതിഭേദത്തിന്റെ അരാതിയും അദൈ്വതത്തിന്റെ ബന്ധുവും ആയി മാറിയത്. അപൂര്‍ണവും അതുകൊണ്ട് അസുന്ദരവുമായ ഒരു ജീവിതത്തെയാണ് അദ്ദേഹം നിഷേധിച്ചത്, മറ്റൊന്നിനെയുമല്ല. നാരായണഗുരു ജനിച്ചതും ജീവിച്ചതും ലോകത്തിലെങ്ങുമുള്ള ജാതിഭേദകൃതമായ അനൈക്യത്തെ ഉച്ചാടനംചെയ്യാനായിരുന്നു. ഒരു സവിശേഷലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ജീവിതം ആകമാനം സമര്‍പ്പിക്കുന്ന ഏകാന്തവ്രതരെ അവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കാമെങ്കില്‍, ആധുനികകേരളത്തില്‍ ശ്രീനാരായണാവതാരത്തിന്റെ ഉദ്ദേശ്യം ജാതിഭേദവിപാടനമായിരുന്നു. 'ഒരു ജാതി' എന്നാണ് അദ്ദേഹം കാതലായി പാടിയത്. 'ഒരു മതം, ഒരു ദൈവം മനുഷ്യന്; ഒരു യോനി ഒരാകാരം, ഒരു ഭേദവുമില്ലിതില്‍' എന്നദ്ദേഹം തുടര്‍ന്നു പാടിയത് ഈ സന്ദേശത്തിന്റെ വ്യാഖ്യാനം മാത്രമായിട്ടാണ്. മതങ്ങളും ദൈവങ്ങളും വേഷഭൂഷാദികളും എല്ലാം മനുഷ്യരെ തമ്മിലകറ്റുന്നതായി അദ്ദേഹം കണ്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ദര്‍ശനമാലയില്‍ നിറഞ്ഞുനില്ക്കുന്ന സന്ദേശസൗരഭ്യം ഇതത്രേ. ഇതൊക്കെ മായാകൃതമെന്നു പറഞ്ഞ് കണ്ണടയ്ക്കലല്ല അദൈ്വതിയുടെ ധ്യാനവും ധര്‍മവും തപസ്സും. വളരെ വ്യത്യസ്തനായ ഒരു സംന്യാസിയെ ഇത് വരച്ചുകാട്ടുന്നു. ആശാന്‍ മുന്‍പദ്യത്തില്‍ വരഞ്ഞ ചിത്രം അതാണ്.

ശ്രീനാരായണന്‍ വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതി കണ്ടിട്ട് വേദാന്തം പഠിച്ചതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വേദാന്തം പഠിച്ചതിനുശേഷമാണ് ജാതിവ്യത്യാസങ്ങളെ നോക്കിയതെങ്കില്‍ ഇതെല്ലാം മായാവിലാസങ്ങളാണെന്ന് ധരിച്ചുവശായി അദ്ദേഹം നിഷ്‌ക്രിയനായിത്തീര്‍ന്നുപോയേനേ! വേദാന്തശിക്ഷണത്തില്‍ സ്വാമികളുടെ ആദ്യത്തെ ആചാര്യന്‍ അദ്ദേഹത്തിനു ചുറ്റും ഉരസിമറിഞ്ഞിരുന്ന പാപപാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നമ്പൂതിരി നായരെയും, നമ്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേര്‍ന്ന് പുലയനെയും അകറ്റുകയും അമര്‍ത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്‌സാവഹത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകത്തിന്റെ അന്വേഷകനാക്കി മാറ്റി. അമേരിക്കയിലെ ആദിനിവാസികളോട് സ്‌പെയിനിലെ ഘാതകന്മാര്‍ കാണിച്ച കിരാതപ്രായമായ ദുഷ്ടതകളോട് കിടനില്ക്കുന്ന മഹാപാതകങ്ങള്‍ ജാതിയുടെ പേരില്‍ കേരളത്തില്‍ നടന്നിരുന്നുവെന്ന് ആ കാലത്തെക്കുറിച്ച് കുമാരനാശാന്‍ ഒരിടത്ത് എഴുതിവെച്ചിട്ടുണ്ട്. ആര്‍ദ്രമൃദുലങ്ങളും സംവേദക്ഷമങ്ങളുമായ ചില ഹൃദയങ്ങളെ ആഴത്തില്‍ മുറിപ്പെടുത്താന്‍ അത്തരം കാലഘട്ടങ്ങള്‍ക്കു കഴിയും. നാരായണഗുരുവിന്റെ ഹൃദയം ഇങ്ങനെ വ്രണിതമായപ്പോള്‍ ജാതിയുടെ കുരിശ് ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹത്തിന് അദൈ്വതം കണ്ടുകിട്ടുന്നത്. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചുനടന്ന അദൈ്വതവേദാന്തത്തിന്റെ തത്ത്വങ്ങള്‍ തന്റെ ജാതിവിനാശനപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാന്‍ കരുത്തുറ്റവയാണെന്ന് ആചാര്യന്‍ മനസ്സിലാക്കി.

ഇതത്രേ നാരായണഗുരുവിന്റെ അദൈ്വതവാദത്തിന്റെ അടിയിലുള്ള ജീവിതബന്ധം. സാധാരണജീവിതത്തിലെ ദൈ്വതദോഷങ്ങളെ മിഥ്യയെന്നും മായയെന്നും അവിദ്യയെന്നും മറ്റും അപലപിച്ച് അവയെ പരിഹരിച്ചതായി കണക്കാക്കാമെന്ന് സ്വാമികള്‍ കരുതാതിരുന്നത് ഈ ജീവിതത്തോട് അദ്ദേഹം പുലര്‍ത്തിയ സത്യസന്ധത ഒന്നുകൊണ്ടുമാത്രമാണ്. അദൈ്വതത്തില്‍ വിശ്വസിക്കുകയും അദൈ്വതം അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി വ്യാവഹാരികമണ്ഡലത്തിലുള്ള ദൈ്വതപ്രകടനങ്ങളുടെ ദുഷ്ടഫലങ്ങളും നിരാകരണത്തിനു ശ്രമിക്കണം എന്ന നിര്‍ബന്ധമാണ് ശ്രീനാരായണനെ വിശിഷ്ടനും വ്യത്യസ്തനുമായ ഒരു അദൈ്വതാചാര്യനാക്കിത്തീര്‍ത്തത്. സമൂഹത്തില്‍നിന്ന് അകന്നുകഴിഞ്ഞിരുന്ന അദൈ്വതിയെ സമൂഹസേവകനാക്കുന്ന ഒരു നവീകൃതചിന്ത സ്വാമിയില്‍ നാം കാണുന്നു. കേരളത്തിനു വെളിയില്‍ ഇതേകാലത്തുതന്നെ സ്വാമി വിവേകാനന്ദനെപ്പോലുള്ള അപൂര്‍വസംന്യാസിമാര്‍ ഈ ലോകസേവനസരണി വെട്ടിത്തെളിയിച്ചുതുടങ്ങിയിരുന്നു.

തന്റെ ആത്മാവ് പ്രാപിച്ചതോ ദര്‍ശിച്ചതോ ആയ ആന്തരൈക്യസത്യത്തിന്റെ നിദാനമായ ഏക ചൈതന്യവിശ്വാസം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആര്‍ദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം എന്നെനിക്കു തോന്നുന്നു. ആസ്തിക്യവിശ്വാസത്താല്‍ വിസ്ഫുരിതമായ അദൈ്വതബോധം, അതിന് ആശ്രയമായ ജീവിതാദരം, അതില്‍ അധിഷ്ഠിതമായ മനുഷ്യസ്‌നേഹം, അതുകൊണ്ട് പ്രചോദിതമായ സമൂഹസേവനം-ഇതാണ് ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ നാലതിരുകള്‍.

ജീവിതവ്യാപിയായിരിക്കേണ്ട അദൈ്വതാനുഭൂതിയെ ഏകദേശമാക്കിക്കളഞ്ഞ സംന്യാസികളില്‍നിന്നുള്ള വ്യക്തമായ പുരോഗതി ശ്രീനാരായണനില്‍ തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് അദ്ദേഹം ഗുഹയില്‍നിന്ന് വെളിയിലേക്കു കടന്ന് പതിതജനസമൂഹങ്ങളുടെ അഭ്യുദ്ധരണത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിര്‍ത്തതും പൂര്‍ണാദൈ്വതത്തിന്റെ പ്രകാശത്തില്‍ നിന്നു കൊണ്ടുതന്നെ. അദൈ്വതസിദ്ധാന്തത്തിന്റെ ആചരണത്തില്‍ ഇന്നാട്ടില്‍ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച് യോഗസംന്യാസത്തിന് അന്തസ്സും ആദരവും വര്‍ധിപ്പിക്കുവാന്‍ ഈ പൂര്‍ണാദൈ്വതാനുഷ്ഠാനംകൊണ്ട് സ്വാമികള്‍ക്കു സാധിച്ചു.

മതദര്‍ശനങ്ങളിലെ ഏറ്റവും ഉത്കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ് ഏകമതവാദം. വളരെ പഴക്കമുണ്ട് അതിന്. 'സമാനമസ്തു വോമനഃ' എന്നു വൈദികര്‍ഷികള്‍ പാടിയപ്പോള്‍ 'സമാനാനി സന്തു വോ മതാനി' എന്നുതന്നെയാണ് അവര്‍ ഉദ്ദേശിച്ചത്. 'സത്യത്തെ എവിടെയും കണ്ടാലും അതിനെ ക്രിസ്തുമതമായിക്കണ്ടാലും' എന്ന എറാസ്മസ്സിന്റെ അഭിപ്രായം ഇവിടെ ഓര്‍ക്കാം. സ്വന്തം മതത്തെ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നത് ശരിയല്ലാത്തതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആക്ഷേപിക്കുവാന്‍ പാടില്ലെന്ന് ഖുര്‍-ആന്‍ പ്രഖ്യാപിക്കുന്നു.

ഇത്തരത്തില്‍ മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട് വമ്പിച്ച മതപ്പോരുകള്‍ നടക്കുകയുണ്ടായി. ഇന്ത്യയിലെ ശൈവവൈഷ്ണവകലഹങ്ങളും ഹൈന്ദവ-മാഹമ്മദയുദ്ധങ്ങളും യൂറോപ്പിലെ ക്രൈസ്തവ-മാഹമ്മദസമരങ്ങളും കാത്തൊലിക്ക്-പ്രൊട്ടസ്റ്റന്റ് സംഘര്‍ഷങ്ങളും ഓര്‍ത്താല്‍ മതിയല്ലോ. രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിനു വിദ്രോഹകരമായിത്തീര്‍ന്നു മതകലാപങ്ങള്‍. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ത്തന്നെ മതസൗഹാര്‍ദത്തിനുള്ള സംഘടിതയത്‌നങ്ങള്‍ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദസ്വാമികളുടെ സാന്നിധ്യംകൊണ്ട് പ്രഖ്യാതമായ ചിക്കാഗോവിലെ 'പാര്‍ലമെന്റ് ഓഫ് റിലിജിയന്‍സ്' (1893) ഇത്തരമൊരു ഉദ്യമമായിരുന്നു. 1914-ല്‍ മതസമാധാനത്തിനുവേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ല്‍ മതപഠനത്തിന് ഒരു സമിതി രൂപവത്കൃതമായി. 1936-ല്‍ 'വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഫെയിത്ത്‌സ്' രൂപംകൊണ്ടു.

ശ്രീനാരായണന്റെ സര്‍വമതസഹോദര പ്രസ്ഥാനം ഇവയില്‍ മിക്കതിനും മുന്‍പാണ് ഉദയംപൂണ്ടത്. വിവേകാനന്ദന്റെയും ആനിബസന്റിന്റെയും (തിയോസഫിക്കല്‍ സൊസൈറ്റി) മതസൗഹാര്‍ദപരിശ്രമങ്ങള്‍ക്ക് എത്രയോ മുന്‍പാണല്ലോ (1888-ല്‍) സ്വാമികള്‍ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനമായി സങ്കല്പിച്ചത്. നാരായണഗുരുവിന്റെ വചനങ്ങളോ കര്‍മങ്ങളോ മതൈക്യബോധം സംബന്ധിച്ച പരകീയമായ ഒരു കടപ്പാടു തെളിയിക്കുന്നില്ല. സ്വാമിയുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ സ്വാന്തഃപ്രഫുല്ലിതവും നിസര്‍ഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിര്‍ത്ത സ്വാമികളിലൂടെ വര്‍ത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോള്‍ മതഭേദത്തെ എതിര്‍ത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകാദര്‍ശം വിരിയുമ്പോള്‍ സ്വാമികള്‍ പ്രസരിപ്പിച്ച ഈ പ്രകാശം അതിനു പ്രചോദനമിയറ്റിയിരുന്നുവെന്നു ചിന്താശാലികള്‍ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നു. ഈ സന്ദേശം വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്‌നങ്ങളിലും പടര്‍ന്നുകയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദൈ്വതബോധംതന്നെയായിരുന്നു. ആത്മോപദേശശതകത്തിലെ മതൈക്യചിന്തയെ മുന്‍നിര്‍ത്തിക്കൊണ്ട് ഇത് സമര്‍ഥിക്കാന്‍ കഴിയും. ഈ 'ശതക'ത്തിലെ മധ്യഭാഗമാണല്ലോ 'മതമീമാംസ' എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്. സൂക്ഷ്മമായി പറയുകയാണെങ്കില്‍ 44, 45, 46, 47, 48, 49 പദ്യങ്ങളടങ്ങിയ ഷട്കം 'പല മതസാരവുമേകം' എന്നാരംഭിക്കുന്ന പദ്യം ഈ ഷട്കത്തിലെ പ്രഥമപദ്യമാണ്. മതമീമാംസാഷ്ടകത്തെ 'ഏകമതോപനിഷത്ത്' എന്നു വിളിച്ചാലും തെറ്റില്ല. ഈ മതസമൈക്യദര്‍ശനത്തിന്റെ അടിത്തറ കറതീര്‍ന്ന അദൈ്വതദര്‍ശനമാണ്. 'ശതക'ത്തിലെ 24-ാം പദ്യം ഇതു വ്യക്തമാക്കാതിരിക്കില്ല:
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവരവരാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ആത്മസത്യത്തിന്റെ ഐക്യമാണ് എല്ലാ കര്‍മങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്. ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക. ഇതത്രേ എല്ലാ മതങ്ങളിലും അന്തര്‍ഭൂതമായ ഏകമതസാരം. ഇതിനെ കണ്‍മുന്‍പില്‍ കണ്ടുകൊണ്ടാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് അരുളിച്ചെയ്തത്. അന്യരുടെ സുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തില്‍ ആത്മസുഖം ദര്‍ശിക്കലാണു യഥാര്‍ഥമതബോധം. ശങ്കരാചാര്യരും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ഇത്തരം ദയാവാരിധികളായിരുന്നുവെന്ന് അനുകമ്പാദശകത്തില്‍ സ്വാമി വര്‍ണിക്കുന്നു:
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍!
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്‌നമോ?

അനുകമ്പയുടെയും പരസേവനത്തിന്റെയും സന്ദേശമായ ഈ മതസാരമാണ് ശ്രീനാരായണധര്‍മം എന്നു പറയപ്പെടുന്നത്.
സഹോദരന്‍ അയ്യപ്പനുമായുണ്ടായ സംഭാഷണത്തില്‍നിന്നാണല്ലോ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു മറ്റൊരു പ്രസിദ്ധമായ തത്ത്വം ഉരുത്തിരിഞ്ഞുവന്നത്. ഇതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു മതം അനാവശ്യമാണെന്നാണ് ഈ വാക്യത്തിന് അര്‍ഥമെന്നുവരെ പറയാന്‍ ചിലര്‍ ധൈര്യപ്പെട്ടിട്ടുണ്ട്. സ്വാമി മതനിഷേധിയായിരുന്നില്ല, മതഭേദനിഷേധിയായിരുന്നു. ഏകമതം ഭിന്നമതങ്ങളുടെ പരമസാരമായ സാമാന്യഘടകമാണ്. അതെന്താണെന്ന് ആത്മോപദേശശതകത്തില്‍ വിശ്വമംഗളത്തിനായി സ്വാമി പാടിപ്പരത്തിക്കഴിഞ്ഞതാണ്. സി.വി. കുഞ്ഞുരാമനുമായുള്ള ദീര്‍ഘമായ സംഭാഷണത്തില്‍ ഈവക കാര്യങ്ങള്‍ ശങ്കാലേശംപോലും ഉണ്ടാകാത്ത മട്ടില്‍ സ്വാമികള്‍ വിശദീകരിച്ചിട്ടുണ്ട്. അന്നു പറഞ്ഞ ചില വാക്യങ്ങള്‍ ഇന്ന് അനുസ്മരിക്കുന്നതു കൊള്ളാം: 'എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. സൂക്ഷ്മാന്വേഷണത്തിനു സഹായിക്കുന്ന മാര്‍ഗദര്‍ശികളാണു മതങ്ങള്‍. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസങ്ങള്‍ ഇല്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെടുത്തിക്കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'
സ്വന്തം ജീവിതത്തില്‍ വളരെ ചെറുപ്പംതൊട്ടുതന്നെ മതസ്പര്‍ധ തീണ്ടാത്ത മട്ടില്‍ പ്രവര്‍ത്തിക്കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു. അവധൂതനായി പരിവ്രജനംചെയ്തിരുന്ന കാലത്ത് ഏതു വീട്ടില്‍നിന്നും സ്വാമി ഭിക്ഷ കൈക്കൊണ്ടു. പിന്നീട് അദ്ദേഹം സംന്യാസിവര്യനായപ്പോള്‍ എല്ലാ മതങ്ങളിലുംപെട്ടവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അരുവിപ്പുറത്തും ശിവഗിരിയിലും ഈ മതൈക്യം സ്വാമി പ്രാവര്‍ത്തികമാക്കിത്തീര്‍ത്തു. ഈ പരിശ്രമങ്ങളുടെ കിരീടംചാര്‍ത്തലായിരുന്നു 1099 (1924-ല്‍) ശിവരാത്രിക്കാലത്ത് ആലുവാ മണപ്പുറത്തുവെച്ചു കൂടിയ സര്‍വമതസമ്മേളനം. ചിക്കാഗോവിലെ സര്‍വമതസമ്മേളനത്തിന്റെ മാറ്റൊലി അകലെനിന്നു കേട്ട കേരളം സ്വന്തം ഹൃദയാങ്കണത്തില്‍വെച്ച് ശ്രീനാരായണന്‍ മതസമന്വയസന്ദേശം പ്രതിധ്വനിപ്പിച്ചതു കേട്ടു പുളകമിയന്നു. മതവിരോധത്തിന്റെ കാളിമയില്‍ കുറേക്കാലം കഴിഞ്ഞുകൂടിയ ഭാരതം, തന്റെ ചിരന്തന തത്ത്വമഹിമകള്‍ അയവിറക്കിക്കൊണ്ടിരിക്കുമ്പോള്‍, നാളത്തെ ഭാരതത്തിന്റെ ജീവിതാദര്‍ശമായിരിക്കേണ്ട മതസ്‌നേഹതത്ത്വത്തെ വിളംബരംചെയ്യാന്‍ മുതിര്‍ന്നുവന്ന നാരായണഗുരുവിനെ അനുഗ്രഹാശിസ്സുകളോടെ വാഴ്ത്തിയിരിക്കണം.

ശ്രീനാരായണന്റെ ഏകലോകദര്‍ശനത്തിന്റെ പൊരുളും അദൈ്വതംതന്നെ. ആളായ ആളെല്ലാം ലോകം ഏകമാണെന്നു കണ്ടുമനസ്സിലാക്കാനും മറ്റും നാടുവിട്ടോടുന്ന കാലമാണിത്. നാട്ടിലിരുന്നാല്‍ ലോകം ഒന്നാണെന്നു മനസ്സിലാക്കാന്‍ പറ്റുമോ? ഇവര്‍ യാത്ര കഴിഞ്ഞു സ്വന്തം നാട്ടിലും വീട്ടിലും തിരിച്ചെത്തുമ്പോഴേക്കും ഇവരുടെ ലോകം സ്വന്തം നാടും വീടുമായി ചുരുങ്ങിപ്പോകുന്നു. എന്നാല്‍, സഹ്യാദ്രിക്കും അറബിക്കടലിനും അപ്പുറം ഏറെയൊന്നും സഞ്ചരിക്കുകയോ സഞ്ചരിക്കാന്‍ ബദ്ധപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വെറും നാടന്‍സംന്യാസി ഒന്നര നൂറ്റാണ്ടിനുമുന്‍പ് ഈ കേരളത്തില്‍ നിന്ന് ഈ തത്ത്വം ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഊടുവഴികളിലൂടെയും വയല്‍വരമ്പുകളിലൂടെയും കാലു കുഴയുവോളം നടന്നുനടന്ന് ഒടുവില്‍ വിശ്വഹൃദയത്തിന്റെ രാജബിന്ദു പ്രാപിച്ച അത്ഭുതപുരുഷനാണ് അദ്ദേഹം. കരയും കടലും ആകാശവും താണ്ടി, വിഭിന്ന ജനസഞ്ചയങ്ങളുടെ ആദരപ്രകടനങ്ങള്‍ ഏറ്റുവാങ്ങി, വിശ്വബോധത്തിന്റെ വേലിയേറ്റത്തില്‍പ്പെട്ടു നട്ടംതിരിഞ്ഞ്, നാട്ടില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് അയല്‍ദേശക്കാരുമായി കലഹിച്ച് അണുഭേദനശക്തിയിലൂടെ വിശ്വഭേദനത്തിനുപോലും മടിക്കാത്തവണ്ണം സമരനായകന്മാരായി മാറുന്ന പാശ്ചാത്യ രാഷ്ട്രനേതാക്കളില്‍നിന്നു വ്യത്യസ്തമാണ് നാരായണഗുരുവിന്റെ പ്രവര്‍ത്തനപരിപാടി. അദ്ദേഹം പിന്തുടര്‍ന്ന പാരമ്പര്യം പടിഞ്ഞാറ് ഇന്നും വേണ്ടത്ര മനസ്സിലാക്കാന്‍ മിനക്കെട്ടിട്ടില്ലാത്ത ആത്മസംസ്‌കാരത്തിന്റേതാണ്. ഹതവിധിയെന്നു പറയട്ടെ, ഈ ആത്മസംസ്‌കാരം ഇന്നു പാശ്ചാത്യരെന്നതുപോലെ ഏതു കിഴക്കിനും അജ്ഞാതമായി കഴിയുന്നു.

'മനുഷ്യന് ഒന്നും അന്യമല്ല' എന്ന വാദത്തിന്റെ പരകോടിയിലെത്തുന്ന അനുഭൂതിയാണ് അദൈ്വതബോധം. ലോകത്തിലെ ഏറ്റവും ദൂരം കൂടിയ യാത്ര ആ ബോധത്തിലേക്കുള്ള യാത്രയാണ്. ആ യാത്ര നടത്താന്‍ ഒരു മില്ലിമീറ്റര്‍ പോലും സഞ്ചരിക്കേണ്ടതില്ലെന്ന വൈരുധ്യത്തില്‍ ഉറച്ചുനില്ക്കുന്നു ഭാരതത്തിലെ ഋഷികളുടെ സഞ്ചാരവിദ്യ. ഉപനിഷത്തുകള്‍ അതിനെ 'ദേവയാനം' എന്നു വിളിച്ചു. സത്യമാണ് അതിന്റെ വഴി. അടഞ്ഞുപോയ ഈ മാര്‍ഗം തുറന്നുകാട്ടാന്‍ മുതിര്‍ന്നു ശ്രീനാരായണന്‍. ബാഹ്യജീവിതത്തോടുപോലും കൂടുതല്‍ അടുക്കുന്നതിനുവേണ്ടി അവര്‍ ബാഹ്യജീവിതത്തില്‍നിന്ന് അകന്നുകഴിഞ്ഞു. ഇതും വൈരുധ്യംതന്നെ! അവനവനെ മനസ്സിലാക്കാത്തവന്‍ ലോകത്തെ മനസ്സിലാക്കുവാന്‍ അര്‍ഹനല്ലെന്ന്, ആ പാരമ്പര്യത്തിന്റെ പാവനത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഗുരുദേവനു കഴിഞ്ഞു.

നാല്പതു കൊല്ലംമുന്‍പു പടിഞ്ഞാറ് അഭിനയിക്കപ്പെട്ട ഒരു ഏകലോകനാടകത്തിന്റെ തമാശ ഇപ്പോള്‍ ഓര്‍മവരുന്നു. അതില്‍ പ്രത്യക്ഷപ്പെട്ട് അഭിനയിച്ച നടന്‍, അമേരിക്കയില്‍ പ്രസിഡന്റ് പദത്തിനുവേണ്ടി മത്സരിച്ചു തോറ്റ്, ഒടുവില്‍ ഏകലോകം കാണാമല്ലോ എന്നു കരുതി 1942 ആഗസ്ത് 26-ാം തീയതി ന്യൂയോര്‍ക്കില്‍നിന്ന് ഒരു ബോംബര്‍ വിമാനത്തില്‍ കയറി മുപ്പതിനായിരത്തിലധികം നാഴിക സഞ്ചരിച്ച്, നാല്പത്തൊമ്പതു നാള്‍കൊണ്ടു ലോകം ദര്‍ശിച്ചു തിരിച്ചുവന്ന് ഏകലോകം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ധാരാളം പണം സമ്പാദിച്ചു പിന്നീട് നിര്യാതനായ വെന്‍ഡല്‍ വില്കി ആയിരുന്നു. ഇന്ന് ആ വില്കി എവിടെ?

ശ്രീനാരായണന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രശാന്തമായ പ്രബോധനം ഇത്തരത്തില്‍ നൈമിഷികമായ ഒരു മസ്തിഷ്‌കചാപല്യത്തിന്റെ വീര്‍പ്പടങ്ങലായിരുന്നില്ല. ഹിമാലയംപോലെ ഉയര്‍ന്നും ഹിന്ദുസമുദ്രംപോലെ പരന്നും കിടക്കുന്നുവെന്നു പറഞ്ഞാല്‍പ്പോലും മതിയാകാത്ത ഒരു സത്യാനുഭവത്തിന്, ഭാരതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകാറുള്ള അനുസ്പന്ദനങ്ങളില്‍ ഒന്നായിരുന്നു അത്. വിമാനത്തില്‍ കയറിപ്പോകാതെയും പുസ്തകങ്ങള്‍ വായിച്ചു പ്രബന്ധങ്ങള്‍ രചിക്കാതെയും അത് പ്രാപിക്കാന്‍ സാധിക്കുമെന്ന് ശ്രീനാരായണഗുരു തെളിയിച്ചുകാട്ടുകയുണ്ടായി.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മീയാനുഭവം നേടാന്‍ എത്രയോ എളുപ്പമാണെന്നാണ് ഇങ്ങനെ തെളിയിക്കപ്പെട്ടത്. പക്ഷേ, ക്ലേശങ്ങള്‍ തീരെ ഇല്ലെന്നും പറഞ്ഞുകൂടാ. വിമാനം കയറേണ്ടതുണ്ട്, ഇവിടെയും. അതു ധ്യാനത്തിന്റെ വിമാനമാണെന്നുമാത്രം. അതിലേറി യാത്ര തുടര്‍ന്നുപോകാന്‍ കഴിയുന്ന ഒരാള്‍ക്കു സ്വദേശം ഭുവനത്രയം ആയിത്തീരുന്നു.
നമ്മുടെ ലോകസേവനപരിപാടികള്‍ക്കെല്ലാം യഥാര്‍ഥമായ അധിഷ്ഠാനം, അന്തര്‍ജീവിതത്തിന്റെ അഗാധവിശുദ്ധിയില്‍നിന്ന് ഉറവെടുക്കുന്ന ഏകതാനുഭൂതിയല്ലാതെ മറ്റൊന്നുമല്ലെന്നാണ്, സംശയാലുക്കളുടെ ഈ പ്രമത്തയുഗത്തില്‍ ശ്രീനാരായണന്‍ വെളിപ്പെടുത്തിയത്. സ്വകീയം മാത്രമായ ഒരു മണ്‍പുറ്റില്‍ ഒളിഞ്ഞിരുന്ന് ധ്യാനമെന്ന ആവരണംകൊണ്ടു സ്വയം മൂടിയിരുന്നാല്‍ ലോകദുഃഖത്തിന്റെ പരിശാന്തിക്കുവേണ്ടി പ്രവര്‍ത്തിക്കാനാവില്ലെന്നു മുഗ്ധമതികള്‍ പ്രവചിച്ചതിനെ ഈ ഗ്രാമീണസംന്യാസി ഒട്ടും ഒച്ചപ്പാടില്ലാതെ തിരുത്തിക്കാണിച്ചു. സമാധി അനുകമ്പയുടെ പരമകാഷ്ഠയാണ്. സഹജീവികളെ സ്‌നേഹിക്കുവാനും അവരുടെ ദുഃഖങ്ങളില്‍ സഹതപിക്കാനും അവര്‍ക്കു സുഖം എത്തിക്കുവാനുള്ള ദയാവിലാസം നടത്തുവാനും സര്‍വോപരി ലോകത്തെ മുഴുവന്‍ ഒറ്റയായി പ്രേമിക്കുവാനും, നമുക്കുള്ള ഏകാന്തമായ പ്രചോദനം അദൈ്വതബോധം മാത്രമാണെന്നു ഘോഷിക്കുവാന്‍ ഗുരുദേവന്‍ എല്ലാവര്‍ക്കും നവധൈര്യം നല്കി. ജാതിഭേദവും മതദ്വേഷവും - ഇന്നും
കേരളത്തിന്റെ ശരീരം മുഴുവന്‍ ചിരങ്ങുപോലെ ബാധിച്ചിരിക്കുന്ന രണ്ടു ദുസ്സഹങ്ങളായ രോഗങ്ങള്‍ - മാറണമെങ്കില്‍ ചികിത്സിക്കുന്ന വൈദ്യന് ഈ ഔഷധം ലഭിച്ചിരിക്കണം. അതില്ലാതെ ഈ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഓടിയെത്തുന്ന കപടവൈദ്യന്മാരുടെ നിശ്വാസവായുവേറ്റു കേരളം എന്ന രോഗി ഇന്ന് ആസന്നമൃത്യുവായിത്തീര്‍ന്നിരിക്കയാണ്. ഒരേയൊരു ഔഷധമേ ഉള്ളൂ- സ്‌നേഹമാണ് അത്. സമൂഹസേവകരിലും രാഷ്ട്രീയനേതാക്കളിലും മതപുരോഹിതന്മാരിലും പരമസംന്യാസിമാരിലും അതിന്റെ ഉറവകള്‍ ഇന്നു വറ്റിവരണ്ടുപോയിരിക്കുന്നു. ഇന്നു നമുക്ക് ഏറ്റവും അടുത്തുള്ള അനശ്വരവിമലമായ സ്‌നേഹസ്മൃതി ഈ ഏകലോകദ്രഷ്ടാവില്‍നിന്ന് ഉയര്‍ന്നുവരുന്നു. ആ ആചാര്യന്‍ ദര്‍ശനങ്ങള്‍കൊണ്ടൊരു മാലയുണ്ടാക്കി. ദര്‍ശനമാലയില്‍നിന്നു മധ്യമണിപോലെ തൂങ്ങിക്കിടക്കുന്ന ആശയം ഇതാണ്-'ഏകമേവാദ്വിതീയം.' ഏകലോകം എന്നത്, കലഹിച്ചു നശിക്കാന്‍ നിശ്ചയിച്ച മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന ആ മഹാസത്യത്തിന്റെ മന്ദഹാസമായി ഞാന്‍ കാണുന്നു

No comments:

Post a Comment